ഗോണിക്കുപ്പ കവർച്ച: പ്രതികൾ റിമാൻഡിൽ: പിടിയിലായത് ചുരം പാതയിലെ സ്ഥിരം കൊള്ളക്കാർ

Saturday 18 June 2022 11:06 PM IST
ഗോണിക്കുപ്പയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ കൊള്ളയടിച്ച കേസിലെ പ്രതികൾ

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ കാർ തടഞ്ഞുനിർത്തി സിനിമാസ്‌റ്റൈലിൽ വ്യാജ അപകടങ്ങളുണ്ടാക്കിയ ശേഷം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ച് വീരാജ്‌പേട്ട ഡിവൈ.എസ്.പി നിരഞ്ജൻ രാജരസിന്റെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം. നേരത്തെ സമാനസംഭവങ്ങളിൽ ഉൾപ്പെട്ടവർ തന്നെയാണോ പാനൂർ സ്വദേശിയെ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായതെന്ന സംശയത്തിലാണ് അന്വേഷണസംഘം.

ബംഗളൂരിലേക്ക് ബിസിനസ് ആവശ്യാർത്ഥം പണവുമായി പോവുകയായിരുന്ന പാനൂർ സ്വദേശി ഷിബിനെയും സംഘത്തെയും കൊള്ളയടിച്ച കേസിൽ തലശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27) ,​ഷെറിൻലാൽ(30),​അർജുൻ(32),​തിരുവങ്ങാട് സ്വദേശി ലനേഷ്(40),​ ചാമ്പാട് സ്വദേശി അക്ഷയ്(21),​മാനന്തവാടി സ്വദേശികളായ ജംഷീർ(29),​ജിജോ(31),​ പന്ന്യന്നൂർ സ്വദേശി ആകാശ്(27),​ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കോടതി റിമാൻഡ് ചെയ്തു.

പ്രതികൾ സഞ്ചരിച്ച ഇന്നോവ ഷിബിന്റെ കാറിൽ ബോധപൂർവ്വം ഇടിച്ച ശേഷം ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. ഷിബിന്റെ ഡാഷ് ബോർഡിൽ ബിസിനസ് ആവശ്യാർത്ഥം കൊണ്ടുപോവുകയായിരുന്ന രണ്ടരലക്ഷം രൂപ സംഘം തട്ടിയെടുക്കുകയും എതിർത്തവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയുമായിരുന്നു. ബംഗ്ളൂരിൽ പുതുതായി തുടങ്ങുന്ന കടയ്ക്ക് അഡ്വാൻസ് കൊടുക്കാൻ പോകുന്ന വഴിയാണ് ഷിബിനും സുഹൃത്തുക്കളും കൊള്ളയ്ക്കിരയായത്. പിന്നാലെ ഇവർ വീരാജ്‌പേട്ട പൊലിസിൽ പരാതി നൽകുകയായിരുന്നു. ഡി.വൈ. എസ്.പി നിരഞ്ജൻദാസ് നൽകിയ വിവരപ്രകാരം ഹുൻസൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്.വാഹനനമ്പറും മൊബൈൽ ഫോൺ ടവർ ലൊക്കെഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഘം പിടിയിലായി.
ഇവർ കവർന്ന പണം ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി.

Advertisement
Advertisement