അസാമിലും മേഘാലയയിലും വെള്ളപ്പൊക്കം: 36 മരണം

Sunday 19 June 2022 4:36 AM IST

ഗുവഹാത്തി: അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അസാമിലും മേഘാലയയിലും മരിച്ചവരുടെ എണ്ണം 36 ആയി. അസാമിൽ 17ഉം മേഘാലയയിൽ 19ഉം പേരാണ് മരിച്ചത്. അസാമിലെ 28 ജില്ലകളിലെ 19 ലക്ഷം പേരെ മഴക്കെടുതി ബാധിച്ചു. ഒരു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ആറ് മണിക്കൂറിനിടെ 145 മില്ലിമീറ്റർ മഴ പെയ്തത് വെള്ളപ്പൊക്കത്തിനിടയാക്കി. കഴിഞ്ഞ 60 വർഷത്തിനിടെ ഇതാദ്യമായാണ് അഗർത്തലയിൽ ഇത്രയും കൂടുതൽ മഴ ലഭിക്കുന്നത്. അഗർത്തലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ത്രിപുരയിൽ 2,000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. മേഘാലയയിലെ മൗസിൻറമിലും ചിറാപുഞ്ചിയിലും 1940ന് ശേഷമുള്ള റെക്കാഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.

വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ അറിയിച്ചു. അസാമിൽ 3,000 ഗ്രാമങ്ങൾ മുങ്ങി. 43,000 ഹെക്ടർ കൃഷി ഭൂമി നശിച്ചു. നിരവധി റോഡുകളും തകർന്നു. അസാമിലെ ഹോജയ് ജില്ലയിൽ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന ബോട്ട് മുങ്ങി മൂന്ന് കുട്ടികളെ കാണാതായി. 21 പേരെ രക്ഷിച്ചു.

അസാമിലെ പ്രളയക്കെടുതികളെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയെ ഫോണിൽ വിളിച്ച് ചോദിച്ചറിയുകയും കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

വെള്ളപ്പൊക്കത്തിനിടെ സംസ്ഥാനത്ത് കുടങ്ങിപ്പോയവർക്കായി ഗുവാഹത്തിയ്ക്കും സിൽച്ചറിനുമിടയിൽ അസാം സർക്കാർ പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിൽ സുബൻസിരി നദിയിൽ നിന്ന് ജലം കരകവിഞ്ഞൊഴുകിയത് വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന ഡാമിനെ മുക്കി.

Advertisement
Advertisement