ഒാം ബിർള ലോക്‌സഭാസ്‌പീക്കർ പദവിയിൽ നാലാം വർഷത്തിലേക്ക്

Sunday 19 June 2022 4:37 AM IST

ന്യൂഡൽഹി: വൻ ഭൂരിപക്ഷമുള്ള ഭരണപക്ഷത്ത് നിന്ന് വന്നതാണെങ്കിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾക്ക് ‌ഊന്നൽ നൽകിയും അംഗങ്ങൾക്ക് മണ്ഡലങ്ങളിലെ വികസനപ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയും സഭാംഗങ്ങളുടെ ആദരംനേടിയ ഒാം ബിർള ലോക്‌സഭാ സ്‌പീക്കറായി നാലാം വർഷത്തിലേക്ക്. സഭയിൽ പ്രക്ഷുബ്‌ധരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും ക്രിയാത്മകമായ ചർച്ചകളുടെയും നിയമനിർമ്മാണ പ്രക്രിയകളും സുഗമമായി പോയത് ഒാം ബിർളയ്ക്കുള്ള അംഗീകാരമാണ്. 2014 മുതൽ രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ഒാം ബിർള. മൂന്നുതവണ രാജസ്ഥാനിലെ എം.എൽ.എയുമായിരുന്നു.

17-ാം ലോക്‌സഭയുടെ എട്ടാം സെഷൻ വരെ 995.45 മണിക്കൂർ പ്രവർത്തിച്ചു. കഴിഞ്ഞ മൂന്ന് ലോക്‌സഭകളിലും ആദ്യ എട്ട് സെഷനുകളിൽ ഇത്രയും സമയം സഭാനടപടികൾ നടന്നില്ലെന്ന് ഒാം ബിർള പറഞ്ഞു. എട്ട് സെഷനുകളിലായി 149 ബില്ലുകൾ പാസാക്കിയത് വലിയ നേട്ടമാണ്. അംഗങ്ങൾ റൂൾ 377 പ്രകാരം 3039 വിഷയങ്ങൾ അവതരിപ്പിച്ചു.

വിവിധ മന്ത്രാലയങ്ങളിലേക്ക് ചോദ്യങ്ങൾ നൽകാൻ ഇലക്‌ട്രോണിക് സംവിധാനവും പാർലമെന്റ് ലൈബ്രറിയിൽ നിന്ന് ഓൺലൈൻ വഴി പുസ്‌തകങ്ങൾ ലഭിക്കാനുള്ള സൗകര്യവും ഉടൻ നടപ്പാക്കും. കൂടാതെ എം.പിമാർക്കായി മൊബൈൽ ആപ്പ്, സംയോജിത പോർട്ടൽ, രാജ്യത്തെ എല്ലാ നിയമസഭകളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പാർലമെന്റ് ആപ്പിന്റെ പുതിയ പതിപ്പ് എന്നിവ ഉടൻ നടപ്പാക്കും. കൂടാതെ സഭയിലെ ചർച്ചകളുടെ ഡിജിറ്റൽവത്കരണവും ഒരു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement