റിക്രൂട്ട്മെന്റ് റാലിയ്‌ക്ക് പുറമേ ക്യാമ്പസ് ഇന്റർവ്യൂവും, അഗ്നിപഥിൽ വിശദ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് വ്യോമസേന, വീണ്ടും സേനാധിപന്മാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി

Sunday 19 June 2022 11:45 AM IST

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റിൽ രാജ്യമാകെ പ്രക്ഷോഭങ്ങൾ തുടരുമ്പോഴും പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുതന്നെ. അഗ്നിവീരർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, തിരഞ്ഞെടുപ്പ് രീതികൾ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്നിവ സംബന്ധിച്ച് മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. മാത്രമല്ല തിരഞ്ഞെടുപ്പിന് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് പുറമേ ക്യാമ്പസ് ഇന്റർവ്യൂവും നടത്തുമെന്നാണ് മാർഗരേഖയിൽ പറയുന്നത്.

പതിനെട്ട് വയസിൽ താഴെയുള‌ളവർക്ക് അഗ്നിപഥിൽ അപേക്ഷിക്കാമെങ്കിലും ഇവർ മാതാപിതാക്കളുടെ അനുമതി വാങ്ങിയിരിക്കണം. നാല് വർഷത്തെ സേവനശേഷം ഇവർ സമൂഹത്തിലേക്ക് തിരികെ മടങ്ങും. എന്നാൽ കഴിവിനനുസരിച്ച് 25 ശതമാനം പേർക്ക് വീണ്ടും വ്യോമസേനയിൽ ജോലിക്കപേക്ഷിക്കാം. 17.5 മുതൽ 21 വയസ് വരെയുള‌ളവർക്കാണ് ജോലിക്ക് അപേക്ഷിക്കാവുന്നത്.

പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും അർദ്ധസൈനിക വിഭാഗത്തിലും അഗ്നിവീരന്മാർക്ക് 10 ശതമാനം സംവരണമുണ്ടാകുമെന്നും അസം റൈഫിൾസിലും 10 ശതമാനം സംവരണമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. അതിനിടെ അഗ്നിപഥിൽ രാജ്യത്തെ മൂന്ന് സൈനികതലവന്മാരുടെയും യോഗം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നും വിളിച്ചിട്ടുണ്ട്.

അക്രമം പൊട്ടിപ്പുറപ്പെട്ട ബിഹാറിൽ ഉപമുഖ്യമന്ത്രിയടക്കം പത്ത് ബിജെപി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷയേർപ്പെടുത്തി. അഗ്നിപഥ് സ്‌കീമിലൂടെ ജോലിയിൽ കയറുന്നവർക്ക് വർഷത്തിൽ 30 അവധി ലഭിക്കും. രോഗബാധിത അവധി മെഡിക്കൽ നിർദ്ദേശമനുസരിച്ച് ലഭിക്കും. സേവാനിധി പാക്കേജ് അനുസരിച്ച് 10.04 ലക്ഷം രൂപ അഗ്നിപഥ് സ്‌കീം അംഗങ്ങൾക്ക് നൽകും. 30,000 രൂപ ആദ്യ വർഷം ലഭിക്കും ഒപ്പം വസ്‌ത്രം, യാത്ര എന്നിവയ്‌ക്ക് അലവൻസും ഉണ്ടാകും. 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പൊളിസിയും തൊഴിൽകാലയളവിലുണ്ട്.