ഗുരുദ്വാര ആക്രമണം : പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള പ്രതികാരമെന്ന് ഐസിസ്

Monday 20 June 2022 4:11 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ശനിയാഴ്ച കാർതെ പർവാൻ സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐസിസ്. ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയ വിവാദ പരാമർശത്തിനുള്ള മറുപടിയാണ് ആക്രമണമെന്നും ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഐസിസിന്റെ പ്രാദേശിക ശാഖയായ ഐസിസ് ഖൊറാസൻ പ്രൊവിൻസ് അവകാശപ്പെട്ടു.

ഒരു സിഖ് വംശജനും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 7 പേർ ചികിത്സയിലാണ്. ഗുരുദ്വാരയുടെ കവാടങ്ങൾക്ക് സമീപം നടന്ന സ്‌ഫോടന ശേഷം ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആയുധധാരികളായ ഏഴ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് കാബൂൾ പൊലീസ് പറഞ്ഞു.

പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഐസിസിന്റെ പ്രാദേശിക ശാഖയായ ഐസിസ് ഖൊറാസൻ പ്രൊവിൻസ് ഭീകരർ ഇന്ത്യയ്‌ക്കെതിരെ നേരത്തെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു.