കരാറിൽ കൺഫ്യൂഷൻ, വെളിച്ചമില്ലാതെ ദേശീയപാത

Monday 20 June 2022 5:17 AM IST

 കഴക്കൂട്ടം മുതൽ മുക്കോല വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് വൈകും

 എൻ.എച്ച്.എ.ഐ പലതവണ കരാ‌ർ മാറ്റിയെന്ന് ആക്ഷേപം

തിരുവനന്തപുരം: നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) കരാറുകൾ പല തവണ മാറ്റുന്നതുകാരണം കഴക്കൂട്ടം മുതൽ മുക്കോല വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതി വൈകുന്നു. കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ആദ്യ കരാറിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതും വൈദ്യുതിയും അറ്റകുറ്റപ്പണിയും കരാറെടുത്ത കമ്പനി ചെയ്യുമെന്നായിരുന്നു ധാരണ.

എന്നാൽ മാറി വരുന്ന ഉദ്യോഗസ്ഥർ കരാ‌ർ പലതവണ റിവൈസ് ചെയ്‌തപ്പോൾ ഇതെല്ലാം ഒഴിവാക്കി നഗരസഭയുടെ തലയിൽ കെട്ടിവച്ചെന്നാണ് ആരോപണം. വാർഡുകളിലെ പോസ്റ്റുകളിൽ തെരുവ് വിളക്ക് ഇടാൻ പോലും കഷ്ടപ്പെടുന്ന നഗരസഭയ്ക്ക് ആധുനിക രീതിയിലുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ 70 ലൈറ്റുകൾ എൻ.എച്ച്.എ.ഐ സ്ഥാപിച്ചിട്ടുണ്ട്. അതിന് വൈദ്യുതി കണക്ഷൻ നഗരസഭ സെക്രട്ടറിയുടെ പേരിലെടുക്കണമെന്നാണ് എൻ.എച്ച്.എ.ഐയുടെ പുതിയ വാദം. ഇതിനുപുറമേ അറ്റകുറ്റപ്പണിയും നഗരസഭ ചെയ്യണമെന്നാണ് ആവശ്യം.

നിരവധി സ്ഥാപനങ്ങൾ,

അപകടങ്ങൾ ഏറെ

ഐ.ടി സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, മാളുകൾ, ഷോറൂമുകൾ എന്നിവയുള്ളതിനാൽ മറ്റ് ദേശീയപാതാ റോഡുകളിൽ നിന്ന് വ്യത്യസ്‌തമാണ് കഴക്കൂട്ടം - വിഴിഞ്ഞം പാത. അതിനാൽ ഈ റോഡിൽ തെരുവ് വിളക്കുകൾ അത്യാവശ്യമാണ്.

വെളിച്ചമില്ലാത്തതുകാരണം രാത്രി കാലങ്ങളിൽ അപകടം വർദ്ധിക്കാനുള്ള സാദ്ധ്യതയുമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി നഗരസഭ അറിയിച്ചെങ്കിലും എൻ.എച്ച്.ഐ.എ അത് അംഗീകരിച്ചില്ല. പദ്ധതിയിൽ സ്വകാര്യ കക്ഷികളെ ഉൾപ്പെടുത്തുന്നതിൽ അതോറിട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭ എൻ.എച്ച്.എ.ഐക്ക് കത്ത് അയയ്‌ക്കുകയും ചെയ്‌തിരുന്നു.

നഗരസഭയുടെ ക്ഷണം സ്വീകരിച്ച് ലുലു, അദാനി ഗ്രൂപ്പുകൾ വിളക്കുകൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. എക്‌സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ് (ഇ.ഒ.ഐ) പ്രകാരം ലൈറ്റ് സ്ഥാപിക്കുന്ന തൂണുകളിൽ സ്വകാര്യ കക്ഷികൾക്ക് പരസ്യ ഹോർഡിംഗുകളും സ്ഥാപിക്കാം. പരസ്യ ഹോർഡിംഗുകൾ അനുവദിക്കാൻ കഴിയാത്തതിനാൽ എൻ.എച്ച്.എ.ഐ ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

Advertisement
Advertisement