ഫിഫ്റ്റി ഫിഫ്റ്റി ഒന്നാംസമ്മാനം ഒരു കോടി മത്സ്യവ്യാപാരിക്ക്.

Tuesday 21 June 2022 12:00 AM IST

ഈരാറ്റുപേട്ട. കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഈരാറ്റുപേട്ട സ്വദേശിയായ മത്സ്യ വ്യാപാരിക്ക്. ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നാസറാണ് (56) ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. എഫ്.വൈ. 220008 നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയിൽ നിന്ന് ശനിയാഴ്ചയാണ് എടുത്തത്. ഈ ടിക്കറ്റ നാസർ ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചിൽ ഏൽപ്പിച്ചു. നടക്കൽ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിൽ മത്സ്യവ്യാപാരം നടത്തുകയാണ് നാസറും മക്കളും. ആദ്യകാലത്ത് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് നിറുത്തിയിരുന്നു. മുൻപ് 25000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. വാടകവീട്ടിലാണ് നാസറും കുടുംബവും താമസിക്കുന്നത്. കടബാദ്ധ്യതകൾ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. ഭാര്യ: റംല. മക്കൾ: നവാസ്, നഹാസ്. മരുമക്കൾ: അജാന, തസ്മീം.

Advertisement
Advertisement