രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ പരാജയം,​ മാക്രോണിന് കനത്ത തിരിച്ചടി,​ അധികാരം നഷ്ടമായേക്കും

Tuesday 21 June 2022 1:02 AM IST

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന് രണ്ടാം ഘട്ട പാർലമെന്ററി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായത് അപ്രതീക്ഷിത തിരിച്ചടിയായി.

ഇടതുപാർട്ടികളുടെ ശക്തമായ നീക്കത്തിൽ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നഷ്ടമായി. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയിൽ 289 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

മുതിർന്ന ഇടത് നേതാവ് ജീവൻ ലൂക് മെലൻഷോണിന്റെ നേതൃത്വത്തിലുള്ള വിശാല ഇടതുപക്ഷ സഖ്യത്തിന് 140, 200 സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 89 നിയമസഭാംഗങ്ങൾ ഇവർക്കുണ്ട്.

മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടി 200, 260 സീറ്റുകളിൽ ഒതുങ്ങും. തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിന്റെ ദേശീയ റാലി പാർട്ടിക്കും വൻ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ മാക്രോണിന് സാധിച്ചില്ലെങ്കിൽ അധികാരം നഷ്ടപ്പെട്ടേക്കും.

ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ ഈ ഫലത്തെ 'ഡെമോക്രാറ്റിക് ഷോക്ക്' എന്നാണ് വിശേഷിപ്പിച്ചത്. സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, തീവ്ര ഇടതുപക്ഷ ഫ്രാൻസ് അൺബൗഡ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടിയും മാക്രോണിനെതിരെ അണിനിരന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മെലൻഷോൺ മൂന്നാമതെത്തിയിരുന്നു. മക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടി മിതവാദി പാർട്ടികളുമായി ചേർന്ന് എൻസെംബിൾ എന്ന സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ജീൻ ലൂക്ക് മെലൻഷോണിന്റെ ഇടതുപക്ഷ സഖ്യമോ മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷമോ മാക്രോണിനൊപ്പം സഖ്യം ചേരില്ലെന്നാണ് റിപ്പോർട്ട്.

ഭൂരിപക്ഷം ലഭിക്കാതാകുന്നതോടെ മാക്രോൺ ആസൂത്രണം ചെയ്ത പരിഷ്‌കരണ നയങ്ങളും തുലാസിലാകും. നികുതി വെട്ടിക്കുറക്കൽ, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം, വിരമിക്കൽ പ്രായം ഉയർത്തൽ തുടങ്ങിയ സമൂലമായ പരിഷ്‌കാരങ്ങളാണ് മക്രോൺ പ്രതീക്ഷിച്ചിരുന്നത്

പരിഹാരക്രിയയുമായി സർക്കാർ

മാക്രോൺ സർക്കാരിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാനായി സെൻട്രിസ്റ്റ് പാർട്ടി ശ്രമം തുടങ്ങി.
പ്രധാനമന്ത്രി എലിസബത്ത് ബോൺ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. രാജ്യത്ത് സർക്കാരില്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Advertisement
Advertisement