അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് കഞ്ചാവ് മാഫിയാ സംഘത്തിന്റെ മർദ്ദനം

Monday 20 June 2022 10:56 PM IST

  • മൂന്നു പേർ അറസ്റ്റിൽ

കുന്നംകുളം : പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടുന്നതിനിടെ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് നേരെ ആക്രമണം. പരിക്കേറ്റ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഹംദിനെ (43) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിലുൾപ്പെട്ട മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. കടവല്ലൂർ പടിഞ്ഞാറ്റ് മുറി കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (24), ചിറമനങ്ങാട് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷമ്മാസ് (22), ചാലിശ്ശേരി പെരുമണ്ണൂർ കപ്ലേങ്ങാട്ട് വീട്ടിൽ കിരൺ (22) എന്നിവരെയാണ് സി.ഐ വി.സി സൂരജും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കുന്നംകുളം നഗരത്തിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറെ വെട്ടാനോടിച്ചിട്ട് അദ്ദേഹത്തിന്റെ ബൈക്കുമായി കടന്നുകളഞ്ഞ അക്രമികളായ മൂവർസംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇന്നലെ കുന്നംകുളം നഗരത്തിലെ സംഭവവികാസങ്ങൾക്ക് വഴിവച്ചത്.
ഫോൺ ലൊക്കേഷൻ പ്രകാരം ഇവരെ പിടികൂടാൻ സി.ഐ വി.സി.സൂരജും സംഘവും നഗരത്തിലെത്തുകയായിരുന്നു. സംഘർഷത്തിൽ ഹംദിന് പരിക്കേറ്റെങ്കിലും പ്രധാന പ്രതിയെ ബലംപ്രയോഗിച്ച് കീഴടക്കി. ഞായറാഴ്ച രാത്രി എട്ടരയോടെ കടവല്ലൂർ പാതാക്കരയിൽ 30ഓളം പേരടങ്ങുന്ന കഞ്ചാവ് സംഘം ഏറ്റുമുട്ടിയതറിഞ്ഞ് പൊലീസ് സംഘത്തിനൊപ്പം ബൈക്കിലെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറെയാണ് മൂന്നംഗസംഘം വടിവാളുമായി വെട്ടാനോടിച്ചിട്ടത്. പൊലീസ് ജീപ്പ് വരുന്നതറിഞ്ഞ് കഞ്ചാവ് സംഘം മുങ്ങിയെങ്കിലും മടങ്ങിയെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതോടെ പ്രകോപിതരായി വെട്ടാനൊരുങ്ങുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പൊലീസുകാരൻ അമ്പത് മീറ്ററോളം അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹംദിനെ കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, സി.ഐ വി.സി.സൂരജ്, നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Advertisement
Advertisement