വഴി തെളിയാതെ വിദ്യാവാഹിനി ആപ്

Tuesday 21 June 2022 1:29 AM IST

ആലപ്പുഴ: സ്കൂൾ ബസിന്റെ യാത്രാറൂട്ട് രക്ഷിതാക്കളുടെ മൊബൈൽ സ്ക്രീനിൽ തെളിയുന്ന സംവിധാനമുള്ള ആപ്. സ്കൂൾ ബസ് എവിടെയെത്തിയെന്നും എപ്പോൾ സ്റ്റോപ്പിൽ എത്തിച്ചേരുമെന്നും മനസിലാക്കാൻ കഴിയുന്ന സംവിധാനം. രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് വേവലാതി വേണ്ട.

ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി ആപ് വന്നാലുള്ള പ്രയോജനങ്ങളാണിവ. എന്നാൽ ആപ് എന്ന് വരുമെന്ന് ആർക്കുമറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ആപ് ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും പ്രാവർത്തികമായിട്ടില്ല. ഈ അദ്ധ്യന വർഷം തുടക്കത്തിൽ തന്നെ ആപ് ഉപയോഗക്ഷമമാകുമെന്നാണ് രക്ഷിതാക്കൾ കരുതിയിരുന്നത്.

സ്കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. സ്കൂൾ അധികൃതർക്ക് മാത്രമായാണ് ആപ് വിഭാവനം ചെയ്തതെങ്കിലും എല്ലാ രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ ക്രമത്തിൽ ലഭ്യമാക്കുമെന്നാണ് ഗതാഗത കമ്മിഷണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. ഗതാഗതക്കുരുക്ക് കൂടുതലുള്ള സമയങ്ങളിലടക്കം, കുട്ടികൾ വീടുകളിലെത്താൻ വൈകിയാൽ ആപ് വഴി വ്യക്തമായി കാരണം മനസിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. എല്ലാ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലേത് പോലെ പാനിക്ക് ബട്ടൺ ഈ വാഹനത്തിലുമുണ്ടാവും. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുട്ടികൾക്ക് ഈ ബട്ടൺ അമർത്താം. ഉടൻ തന്നെ അപായ സൂചന നൽകുന്ന സന്ദേശം അധികൃതരുടെ മൊബൈലിൽ എത്തുന്നതാണ് സംവിധാനം.

വിവരങ്ങൾ ലഭ്യമല്ല

ആപ്പിന്റെ ഉദ്ഘാടന സമയത്ത് ലഭിച്ച അറിയിപ്പല്ലാതെ തുടർ വിവരങ്ങളൊന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ‌ർക്ക് ലഭ്യമല്ല. ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഓടുന്നത്. ആപ്പ് പ്രായോഗികമായാലുടൻ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പ്രയാസമുണ്ടാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പഞ്ചിംഗിലും പിന്നിൽ

ജില്ലയിൽ വിരലിലെണ്ണാവുന്ന സ്കൂളുകളിൽ മാത്രമാണ് കുട്ടികൾക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ ക്ലാസുകളിലെത്തുന്നതും തിരിച്ചിറങ്ങുന്നതും രക്ഷിതാക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കുന്നു എന്നതാണ് പഞ്ചിംഗിന്റെ പ്രധാന ഗുണം. കൂടാതെ ക്ലാസ് കട്ട് ചെയ്ത് കുട്ടികൾ കറങ്ങാൻ പോകുന്ന പ്രവണതയ്ക്ക് തടയിടാനും സാധിക്കും.

...........................................................

ആപ്പ് എന്നു മുതൽ പ്രായോഗികമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. വിവരങ്ങൾ ലഭ്യമാക്കുന്നതിന് വലിയ സാങ്കേതിക ബുദ്ധിമുട്ടുണ്ടാവില്ല

മോട്ടോർ വാഹന വകുപ്പ്, ആലപ്പുഴ

വിദ്യാവാഹിനി ആപ്പ് യാഥാർത്ഥ്യമായാൽ ദൂരെ സ്ഥലങ്ങളിലടക്കം ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ്. കുട്ടികളുടെ റൂട്ട് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും

സിനിൽ, രക്ഷിതാവ്

Advertisement
Advertisement