എൻഡോസൾഫാൻ ദുരന്തം കുടുംബത്തിൽ ഒന്നിലധികം പേർക്ക് രോഗം: വിദഗ്ധപരിശോധനക്ക്  മെഡിക്കൽ ബോർഡ്

Tuesday 21 June 2022 12:07 AM IST
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ സെൽ യോഗത്തിൽ സെൽ ചെയർമാൻ മന്ത്രി എം.വി.ഗോവിന്ദൻ സംസാരിക്കുന്നു

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിലുൾപ്പെട്ടയാളുടെ വീട്ടിൽ തന്നെയുള്ള മറ്റുള്ളവർക്ക് കൂടി രോഗമുണ്ടെങ്കിൽ സൗജന്യനചികിത്സ ലഭ്യമാക്കാൻ പരിശോധനക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഇന്നലെ ചേർന്ന സെൽയോഗത്തിൽ തീരുമാനം. ചെയർമാൻ കൂടിയായ മന്ത്രി എം.വി.ഗോവിന്ദന്റെ അദ്ധ്യക്ഷതയിലാണ് ഇന്നലെ സെൽ യോഗം ചേർന്നത്.

പുനസംഘടിപ്പിച്ച എൻഡോസൾഫാൻ സെല്ലിൽ ഉൾപ്പെടുത്തപ്പെട്ട പീഡിത ജനകീയ മുന്നണി ഭാരവാഹികൾ ഒരെ കുടുംബത്തിൽ ഒന്നിലധികം രോഗികളുണ്ടായാൽ ചികിത്സ നടത്തുന്നതിന് വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുന്ന കാര്യം വിഷമകരമാണെന്ന് അഭിപ്രായപ്പെട്ടു. ഈ ആവശ്യത്തോട് മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. വീണ്ടും ക്യാമ്പ് നടത്തി ബുദ്ധിമുട്ടിക്കേണ്ടെന്നും ഡി. എം. ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ഉണ്ടാക്കി പരിശോധിച്ചാൽ മതിയെന്നും മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്റ്റ് നിർമ്മിച്ച വീടുകളിൽ അവശേഷിക്കുന്ന പത്തു വീടുകൾ 24 ന് നറുക്കെടുപ്പിലൂടെ ദുരിത ബാധിതർക്ക് അനുവദിക്കാനും യോഗം തീരുമാനിച്ചു. വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡും സൗകര്യവും ഉടൻ ഏർപ്പെടുത്തും. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറു പേർ നൽകിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ചു. വ്യക്തിപരമായ പരാതികളിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള ബഡ്സ് സ്‌കൂളുകൾ ഏറ്റെടുക്കാൻ സർക്കാരിനോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

എം.എൽ.എമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷറഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, സെൽ ഡപ്യൂട്ടി കളക്ടർ എസ്.ശശിധരൻ പിള്ള, സബ് കളക്ടർ ഡി.ആർ.മേഘശ്രീ , മുൻ എം.പി പി.കരുണാകരൻ, കെ.പി. കുഞ്ഞികണ്ണൻ ,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹമീദ് പൊസോളിഗെ (കുംബഡാജെ, എം.ശ്രീധര (ബെള്ളൂർ, ബി.ശാന്ത (ബദിയടുക്ക, കെ.ഗോപാലകൃഷ്ണ( കാറഡുക്ക, പി.വി.മിനി(മുളിയാർ, ടി.കെ.നാരായണൻ (കള്ളാർ, സി.കെ.അരവിന്ദൻ(പുല്ലൂർ പെരിയ, കെ.പി.വത്സലൻ(കയ്യൂർ ചീമേനി, ജില്ലാതല ഉദ്യോഗസ്ഥർ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രതിനിധികളായ അംബികാസുതൻ മാങ്ങാട്, കെ.ബി.മുഹമ്മദ് കുഞ്ഞി, മുനീസ അമ്പലത്തറ, കെ.കെ.അശോകൻ, കെ.പ്രവീണ എന്നിവർ പങ്കെടുത്തു.

പീഡിതജനകീയ മുന്നണി പ്രതിനിധികളും സെല്ലിൽ

പുനഃസംഘടിപ്പിച്ച കാസർകോട് എൻഡോസൾഫാൻ സെല്ലിൽ ദുരിതബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നയിച്ച പീഡിത ജനകീയ മുന്നണിയെ ഉൾപ്പെടുത്തി. ഒന്നര വർഷത്തിന് ശേഷം എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികളായ ഡോ.അംബികാസുതൻ മാങ്ങാട്, മുനീസ അമ്പലത്തറ എന്നിവർ സെൽ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാർച്ചിൽ പുനഃസംഘടിപ്പിച്ചിരുന്ന എൻഡോസൾഫാൻ സെല്ലിൽ പീഡിത ജനകീയ മുന്നണിയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സെൽ യോഗത്തിൽ പറയാനോ അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിനോ ആരും ഇല്ലാതെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മാത്രം കൂട്ടമായി സെൽ മാറിയെന്ന് അന്ന് ആരോപണമുയർന്നിരുന്നു.മന്ത്രി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരമാണ് സമരസംഘടനയുടെ ഭാരവാഹികളെ കൂടി ഉൾപെടുത്താൻ നടപടി ഉണ്ടായത്. ഇന്നലെ ചേർന്ന സെൽ യോഗത്തിൽ പങ്കെടുക്കുന്നതിന് ഭാരവാഹികളെ ക്ഷണിക്കുകയായിരുന്നു.


യോഗത്തിൽ പങ്കെടുത്ത് ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു.പറയുന്നത് കേൾക്കാൻ മനസ് കാണിച്ച മന്ത്രി എം.വി.ഗോവിന്ദൻ പോസിറ്റീവ് ആയ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ തൃപ്തിയുണ്ട്.

( എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ)​

Advertisement
Advertisement