മോദിക്കെതിരെ വിവാദ പരാമർശം: നേതാവിനെ തള്ളി കോൺഗ്രസ്

Tuesday 21 June 2022 2:52 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഡോൾഫ് ഹിറ്റ്ലറെ പോലെയാണ് പെരുമാറുന്നതെന്നും, ഇനിയും ജർമ്മൻ ഏകാധിപതിയുടെ പാതയിലാണ് തുടരുന്നതെങ്കിൽ മോദിയുടെ മരണം ഹിറ്റ്ലറുടേത് പോലെയായിക്കുമെന്നും പ്രസംഗിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായിക്കെതിരെ വ്യാപക പ്രതിഷേധം.

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിലായിരുന്നു സുബോധിന്റെ പരാമർശം. ഇത് വിവാദമായതോടെ കോൺഗ്രസ് സുബോധിനെ തള്ളിപ്പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ അസഭ്യമായ രീതിയിലുള്ള പരാമർശങ്ങളെ കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

കോൺഗ്രസ് പ്രതിഷേധത്തെതുടർന്ന് ജൻപഥിലും ബാബ ഖരക് സിംഗ് മാർഗിലും കനത്ത ഗതാഗത കുരുക്കുണ്ടായി. ഡൽഹി തിലക് പാലത്തിന് മുകളിൽ ടെയിനിന് മുന്നിൽ സമരം നടത്തിയ 16 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സിംഘു അതിർത്തിയിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹി ശിവാജി ബ്രിഡ്ജ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് ട്രെയിൻ തടഞ്ഞു. ജമ്മുവിൽ പ്രതിഷേധ മാർച്ച് നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

ബീഹാറിൽ 145 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. 877 പേർ അറസ്റ്റിലായി. യു.പിയിൽ 525 പേരെ അറസ്റ്റ് ചെയ്തു. 46 കേസെടുത്തു. അക്രമം ശമിച്ചതിനെ തുടർന്ന് റാഞ്ചിയിലെ നിയന്ത്രണങ്ങൾ നീക്കി. നിരോധനാജ്ഞ പിൻവലിച്ചു. പ്രതിഷേധത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയും 587 ട്രെയിനുകൾ ഓടിയില്ല.

Advertisement
Advertisement