മുസ്ലിം പെൺകുട്ടിക്ക് 16-ാം വയസ്സിൽ സ്വന്തം ഇഷ്ടത്തിൽ വിവാഹിതയാകാം

Tuesday 21 June 2022 4:29 AM IST

ന്യൂഡൽഹി:മുസ്ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സിംഗിൾ ബെഞ്ച്. ഇസ്ലാമിക ശരീഅത്തിലെ മുസ്ലിം വ്യക്തി നിയമമനുസരിച്ചാണ് ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ വിധി.

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ 16,21 വയസ്സുകാരായ പത്താൻകോട്ടിൽ നിന്നുളള മുസ്ലിം ദമ്പതികൾ സംരക്ഷണം തേടി നൽകിയ ഹർജിയിലാണ് വിധി. നിയമപരമല്ലാത്ത വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് കുടുംബങ്ങളും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് ഹർജിയിൽ പറയുന്നു. ദമ്പതികളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിനെതിരായാണ് വിവാഹം കഴിച്ചതെന്നത് കൊണ്ട് ഭരണഘടന അനുശാസിക്കുന്ന മാലികാവകാശങ്ങൾ അവർക്ക് അനുവദിക്കാതിരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദമ്പതികൾക്ക് സംരക്ഷണം നൽകാനും അടിയന്തര നിയമ നടപടികളെടുക്കാനും പത്താൻകോട്ട് എസ്.എസ്.പിക്ക് കോടതി നിർദേശം നൽകി.

മുസ്ലിം വ്യക്തി നിയമ പ്രകാരം ഇരുവർക്കും വിവാഹം കഴിക്കാനുള്ള പ്രായമെത്തിയിട്ടുണ്ട്. സർ ദിൻഷാ ഫർദുഞ്ഞി മുല്ലയുടെ പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ എന്ന പുസ്തകത്തിലെ 195-ാം ആർട്ടിക്കിളിൽ , 16 വയസ്സ് തികഞ്ഞ പെൺകുട്ടി തന്റെ താല്പര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ പ്രാപ്തയാണെന്ന് വ്യക്തമാക്കുന്നു. ആൺകുട്ടിക്ക് 21 വയസ്സ് കഴിഞ്ഞത് കൊണ്ട് ഇരുവർക്കും വിവാഹം കഴിക്കാനാകും. 21കാരനായ യുവാവും 16 കാരിയായ പെൺകുട്ടിയും 2022 ജനവരി 8 നാണ് ഇസ്ലാമികാചാര പ്രകാരം വിവാഹിതരായത്.

Advertisement
Advertisement