മുഖ്യമന്ത്രിയുടെ സുരക്ഷ പാർട്ടി ഏറ്റെടുത്താൽ ഒരുത്തനും അടുക്കില്ല, ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ പാർട്ടി ഏറ്റെടുത്താൽ ഒരുത്തനും അടുക്കില്ലെന്നും പത്ത് പൊലീസിന്റെ പിൻബലത്തിലല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണയാണ് സർക്കാരിന്റെ കരുത്തെന്നും കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ സമരാഭാസത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും നിയമസഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഇടതുപക്ഷം കേരളം ഭരിക്കുമെന്നും കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർ എസ് എസിന്റെ കയ്യിലെ കളിപ്പാവയായി തീർന്നെന്നും ആർ എസ് എസിന്റെ എൻ ജി ഒയിൽ സ്വപ്നയ്ക്ക് ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്നും കോടിയേരി ആരോപിച്ചു. ആ സ്ത്രീ മൊഴി മാറ്റി മാറ്റിപ്പറയുകയാണ്. ഇപ്പോഴവർ സർക്കാരിനെതിരാണ്. സ്വപ്ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും ഓരോ വിളിച്ചുപറയലുകളും അതിന്റെ പേരിലാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പടുത്തുകയാണ് പ്രതിപക്ഷത്തിന്റെയും ബി ജെ പിയുടെയും ലക്ഷ്യ. എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരാതിരിക്കുന്നതിന് എല്ലാ പണിയുമെടുത്ത കേരളത്തിലെ കുത്തക മാദ്ധ്യമങ്ങൾ ഇപ്പോൾ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീഴുകയാണ്. ഇത് പ്രകോപനം സൃഷ്ടിക്കാനല്ലേ. കരിങ്കല്ല് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിടേണ്ടത് എന്ന് പറഞ്ഞത് കോൺഗ്രസിന്റെ ആഗ്രഹമാണ്. ആ കല്ലുകൾ തിരിച്ചെറിയാൻ ജനങ്ങളുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചു. മുമ്പ് ഒരു വിമാനം തട്ടിക്കൊണ്ടുപോകൽ ഉണ്ടായിരുന്നു. അത് കോൺഗ്രസ് സംസ്കാരമാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്ന സംഘം ആക്രോശിച്ച് വരികയായിരുന്നു. ഇപി തടഞ്ഞതുകൊണ്ടാണ് അക്രമിക്കാൻ കഴിയാതിരുന്നത്. കേരളത്തിൽ കലാപം സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. പെൻഷൻ കൂട്ടിയതിനോ.? പാവങ്ങൾക്ക് നല്ല പദ്ധതിയുണ്ടാക്കിയതിനാണോ.? എന്തിനാണ് മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.