ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി

Tuesday 21 June 2022 9:38 PM IST

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ ഗവർണറും ഒഡിഷയിൽ നിന്നുള‌ള ആദിവാസി നേതാവും മുൻമന്ത്രിയുമയ ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് വിവരം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധിയായ യശ്വന്ത് സിൻഹയോടാണ് ബിജെപി അംഗമായ ദ്രൗപതി മുർമു മത്സരിക്കുക.

64കാരിയായ ദ്രൗപതി മുർമു മുൻപ് 2017ലും ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്നു. എന്നാൽ അന്ന് ബിഹാർ ഗവർണറായ റാം നാഥ് കൊവിന്ദിന് അവസരം ലഭിക്കുകയായിരുന്നു. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. സന്താൾ ആദിവാസി വിഭാഗത്തിലാണ് ജനനം. ഒഡീഷയിലെ ബിജുജനതാദൾ-ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള‌ള വാണിജ്യ-ഗതാഗത മന്ത്രിയായിരുന്നു ദ്രൗപതി മുർമു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായി. സംസ്ഥാനരൂപീകരണ ശേഷം കാലാവധി പൂർത്തിയാക്കിയ ആദ്യ ഗവർണറായിരുന്നു അവർ.

തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാർട്ടികൾ ചേർന്ന് ഏകകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ആദ്യം മുതൽക്കേ സാദ്ധ്യത കൽപ്പിച്ചിരുന്നവരിൽ ഒരാളാണ് സിൻഹ. ബീഹാറിൽ നിന്നുള്ള രാഷ്ട്രീയ നേതാവും ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിൻഹ.

Advertisement
Advertisement