വധശ്രമക്കേസിലെ നിർണായക രേഖകൾ കോടതിയിൽ നിന്ന് നഷ്ടമായി

Wednesday 22 June 2022 3:13 AM IST

തിരുവനന്തപുരം: വധശ്രമക്കേസിന്റെ വിസ്‌താരത്തിന് സാക്ഷി കോടതിയിലെത്തിയെങ്കിലും വിസ്‌താരത്തിനുള്ള നിർണായക രേഖകൾ കോടതിയിൽ കാണാനില്ല. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. നിർണായക സാക്ഷിയുടെ രഹസ്യമൊഴിയും വാഹന കൈമാ​റ്റ രേഖകളുമാണ് കാണാതായത്. പാങ്ങപ്പാറ സ്വദേശി സാബു എസ്. നായരെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയ്‌ക്കിടെയാണ് സംഭവം. വിസ്‌താരത്തിന് മുമ്പ് രേഖകളെല്ലാം കോടതിയിലുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്.

പ്രതികൾ കു​റ്റകൃത്യം നടത്താൻ ഉപയോഗിച്ചത് വാടകയ്ക്കെടുത്ത വാഹനമാണ്. എട്ടാം സാക്ഷിയായ വാഹനഉടമയെ വിസ്‌തരിക്കുന്നതിനിടെയാണ് ഇയാൾ മജിസ്‌ട്രേ​റ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലില്ലെന്ന് കോടതി അറിയുന്നത്. വാഹനം മ​റ്റൊരാളിൽ നിന്ന് വാങ്ങിയതിന്റെ വാഹന ഉടമ്പടി കരാർ രേഖകളും കോടതിയിലുണ്ടായിരുന്നില്ല. കേസിലെ നിർണായക തെളിവാകേണ്ട രേഖകളാണ് നഷ്ടപ്പെട്ടത്. റെന്റ് എ കാർ ഉടമ കുളത്തൂർ ആ​റ്റിൻകുഴി നബീസാ മൻസിലിൽ സലീമിനെയാണ് കോടതി വിസ്‌തരിച്ചത്. ഇയാളുടെ സഹോദരീഭർത്താവ് സുബൈർഖാന്റെ ഉടമസ്ഥതയിലുള്ള കാർ ഇയാൾ വാങ്ങിയതിന്റെ വാഹന ഉടമ്പടി കരാറാണ് കാണാതായത്.

2005 ആഗസ്​റ്റ് ആറിന് ഉച്ചയ്‌ക്ക് 1.45നാണ് പാങ്ങപ്പാറ വച്ച് സാബു.എസ്. നായരെ വധിക്കാൻ ശ്രമിച്ചത്. പാങ്ങപ്പാറ കാര്യവട്ടം ചിത്രാലയത്തിൽ ഹിരൺ, പാങ്ങപ്പാറ പ്രണവം വീട്ടിൽ ബിനു, കഴക്കൂട്ടം നെട്ടേകോണം സ്വദേശി വിമൽകുമാർ, ആ​റ്റിപ്ര മുള്ളുവിള സ്വദേശി അരുൺ, അയിരൂർ ലക്ഷംവീട് കോളനി സ്വദേശികളായ ബിനു, ഷിബു, കുഞ്ചാലുമ്മൂട് സ്വദേശി മണികണ്ഠൻ, തുമ്പ സ്​റ്റേഷൻകടവ് സ്വദേശി ഷിബു എന്നിവരാണ് കേസിലെ പ്രതികൾ.

Advertisement
Advertisement