വേറെ ആൾക്കാരുടെ കീഴിൽ ജോലി ചെയ്യുകയെന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്; റിച്ച് ആകണമെന്നല്ല മറ്റൊരു ആഗ്രഹമുണ്ടെന്ന് നടൻ സിനോജ് വർഗീസ്

Wednesday 22 June 2022 2:57 PM IST

'അങ്കമാലി ഡയറീസി'ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സിനോജ് വർഗീസ്. അതിനുശേഷം 'സ്വാതന്ത്ര്യം അർദ്ധരാത്രി'യിലെയും 'അജഗജാന്തര'ത്തിലെയുമൊക്കെ അദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കൗമുദി ടിവി ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് സിനോജ്.

തന്റേത് പ്രണയ വിവാഹമായിരുന്നെന്ന് നടൻ പറയുന്നു. മുപ്പത്തിനാലാമത്തെ വയസിലായിരുന്നു കല്യാണം. അടിച്ചുപൊളിച്ച് നടന്നാൽ മതിയെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ സിനോജ് പാവമാണെന്നാണ് ഭാര്യ പറയുന്നത്.

ബിസിനസിനോടാണ് തനിക്ക് താത്പര്യമെന്ന് സിനോജ് പറയുന്നു. 'വേറെ ആൾക്കാരുടെ കീഴിൽ ജോലി ചെയ്യുകയെന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. ചെറിയ ചെറിയ ബിസിനസാണെങ്കിലും കുഴപ്പമില്ല. എന്നാൽ വേറെയാളുകളുടെ കീഴിൽ ചെയ്യാൻ വയ്യ.

സിനിമാ മേഖല ഭയങ്കര ഇഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചാൽ നോ പറയുന്നയാളുകൾ വളരെ കുറവായിരിക്കില്ലേ. ഭയങ്കര റിച്ച് ആകണമെന്നൊന്നും ആഗ്രഹമില്ല. നമ്മുടെ കാര്യങ്ങളൊക്കെ നടക്കണം. കടബാദ്ധ്യതകളൊക്കെ മാറി സമാധാനമായിട്ട് ജീവിക്കണം. സിനിമ നിർമിക്കാനൊന്നും ഇപ്പോൾ പ്ലാൻ ഇല്ല.'- നടൻ പറഞ്ഞു.


താൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപാട് പെൺസുഹൃത്തുക്കളൊന്നുമില്ല. കോളേജിൽ പഠിച്ച കുറേ സുഹൃത്തുക്കളുണ്ട്. അതൊക്കെ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് അദ്ദേഹം പറയുന്നു.