ഹൈവേയ്ക്കായി വെട്ടിമാറ്റിയ നാട്ടുമാവുകളുടെ സ്മരണയ്ക്ക് തൃത്തല്ലൂർ യു.പി സ്‌കൂളിൽ നാട്ടുമാഞ്ചോട്ടിൽ പ്രദർശനം

Thursday 23 June 2022 12:00 AM IST
നാടൻ മാവുകളുടെ വിത്തുകളും തൈകളും ശേഖരിച്ച് തൃത്തല്ലൂർ യു.പി സ്കൂൾ വിദ്യാർത്ഥികൾ പ്രദർശനം നടത്തുന്നു.

വാടാനപ്പിള്ളി: ഹൈവേ വികസനത്തിന്റെ ഭാഗമായി വെട്ടിമാറ്റിയ നാട്ടുമാവുകളുടെ പരമ്പര സംരക്ഷിക്കാനുള്ള പ്രയത്‌നത്തിലാണ് തൃത്തല്ലൂർ യു.പി സ്‌കൂളിലെ കുട്ടികൾ. സ്വന്തം വീട്ടുമുറ്റത്തെയും പാതയോരത്തെയും അയൽത്തൊടികളിലെയും പേരറിയുന്നതും അറിയാത്തതുമായ നാട്ടുമാവുകളുടെ വിത്തുകൾ കുട്ടികൾ ശേഖരിച്ചു.

വിദ്യാർത്ഥികൾ ശേഖരിച്ച 1236 നാട്ടുമാവിൻ വിത്തുകളുടെയും മാങ്ങകളുടെയും മാവിൻ തൈകളുടെയും പ്രദർശനം സ്‌കൂളിൽ നടന്നു. വിത്തുകൾ ഓരോന്നും കവറുകളിലാക്കി മുളപ്പിച്ച് പുതിയ ഹൈവേ പൂർത്തിയായാൽ വളർത്താനും ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണ് ഈ കുട്ടികൾ.

അവധിക്കാലത്ത് മാവിന്റെ ചുവട്ടിൽ ഉണ്ണിപ്പുര കെട്ടി ഓരോ മാങ്ങയും വീണുകിട്ടുന്നത് നീരുകുടിച്ചും പൂണ്ടുതിന്നിരുന്നതിന്റെ സ്വാദ് ഓർമ്മിച്ചെടുത്തുമാണ് കുട്ടികൾ വിത്ത് ശേഖരണം നടത്തിയത്. കഴിഞ്ഞ മാമ്പഴക്കാലം അയവിറക്കിയായിരുന്നു നാട്ടുമാഞ്ചോട്ടിലെ പ്രദർശനവും. അന്യമാകുന്ന നാട്ടുമാവുകളുടെ സംരക്ഷണമാണ് പദ്ധതിയുടെ ലക്ഷ്യം.

മയിൽപിരിയൻ മാവിനെയാണ് പ്രദർശനത്തിലെ ഏറ്റവും ജനപ്രിയ നാട്ടുമാവായി തിരഞ്ഞെടുത്തത്. പ്രദർശനം മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ഒനിൽ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക സി.പി. ഷീജ അദ്ധ്യക്ഷയായി. കോ - ഓർഡിനേറ്റർ കെ.എസ്. ദീപൻ പദ്ധതി വിശദീകരിച്ചു. കെ.ജി. റാണി, പി.പി. ജ്യോതി, പി.വി. ശ്രീജമൗസമി, വി. ഉഷാകുമാരി, അജിത്‌പ്രേം പി എന്നിവർ പ്രസംഗിച്ചു.

പ്രദർശനമത്സരത്തിൽ മാങ്ങയിനങ്ങളുടെ പ്രദർശനത്തിൽ ഷംനാദ് വി.എസ് ഒന്നാംസ്ഥാനവും സായ്കൃഷ്ണ രണ്ടാം സ്ഥാനവും നേടി. വിത്ത് ശേഖരണത്തിൽ സി.ജി. വൈജിത്ത് ഒന്നാം സ്ഥാനവും പി.എസ്. ഫാത്തിമ രണ്ടാം സ്ഥാനവും കെ.യു. ശ്രേയസ് മൂന്നാം സ്ഥാനവും നേടി.

Advertisement
Advertisement