സ്ത്രീ ശാക്തീകരണം പുരുഷൻമാരുടെയും ഉത്തരവാദിത്വം

Thursday 23 June 2022 12:00 AM IST

തൃശൂർ: സ്ത്രീ ശാക്തീകരണം സ്ത്രീകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് പുരുഷൻമാരുടെയും ഉത്തരവാദിത്വമാണെന്ന് റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ. ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി വിമല കോളേജിൽ സംഘടിപ്പിച്ച ചർച്ചയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ജീനു മരിയയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐശ്വര്യ ഡോംഗ്രെ.

സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തുന്ന പ്രവർത്തനങ്ങൾ സ്ത്രീകളിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല. മറിച്ച് പുരുഷ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. അതിനായി നടത്തുന്ന സംവാദ വേദികളിലും സെമിനാറുകളിലും പുരുഷന്മാരെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഐശ്വര്യ ഡോംഗ്രെ പറഞ്ഞു. സിവിൽ സർവീസ് പഠന സമയങ്ങളിലും ഐ.പി.എസ് ട്രെയിനിംഗ് കാലയളവിലും ഉണ്ടായ അനുഭവങ്ങളും ഐശ്വര്യ ഡോംഗ്രെ വിദ്യാർത്ഥിനികളുമായി പങ്കുവച്ചു.

തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിൽ പരാമർശിക്കുന്ന ഭാഗമായ ഗാന്ധാരി വിലാപത്തിന്റെ നൃത്താവിഷ്കാരം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന ജോസ്, സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. മാലിനി കെ എ, ഡോ. സിസ്റ്റർ നമിത, ഏക ഭാരതം ശ്രേഷ്ഠ ഭാരതം ക്ലബ് കോ- ഓർഡിനേറ്റർ ഡോ.മിനി മാണി പാലക്കൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement