'പോർക്കളം' നാളെ മുതൽ തിയേറ്ററുകളിൽ

Thursday 23 June 2022 12:20 AM IST

ആലപ്പുഴ: പൊക്കം കുറഞ്ഞ മനുഷ്യരുടെ കഥപറയുന്ന ചലച്ചിത്രം ' പോർക്കളം' നാളെ മുതൽ പ്രദർശനം ആരംഭിക്കും. ഉയരം കുറഞ്ഞ മനുഷ്യർ താമസിക്കുന്ന ഗ്രാമവും അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നത്. ഉയരം കുറഞ്ഞ 12 അഭിനേതാക്കളാണ് ചിത്രത്തിനായി ഒന്നിച്ചത്. ഇവർക്ക് പുറമേ മലയാള ചലച്ചിത്ര രംഗത്തെ പരിചയസമ്പന്നരായ താരങ്ങളും അണിനിരക്കുന്നുണ്ട്. 'പോർക്കള'ത്തിലൂടെ ലോകത്തിലെ പൊക്കം കുറഞ്ഞ രണ്ടാമത്തെ ചലച്ചിത്ര സംവിധായകൻ എന്ന പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ചേർത്തല മാക്കേക്കടവ് സ്വദേശി ഛോട്ടാ വിപിൻ. ലോക്ക്ഡൗൺ, കൊവിഡ് പ്രതിസന്ധികൾ മൂലമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിൽ അരങ്ങേറ്റം കുറിച്ച വിപിൻ ഇരുപതിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സംവിധായകനാകണമെന്ന ആഗ്രഹം വ‌ർഷങ്ങൾക്ക് മുമ്പേ മനസിൽ കുടിയേറിയതായി വിപിൻ പറഞ്ഞു. സാമ്പത്തികം തടസമായി നിന്നതിനാൽ ഹ്രസ്വ ചിത്രങ്ങളിലേക്ക് ഒതുങ്ങിയിരുന്നു. ഹ്രസ്വ സിനിമ എന്ന ലക്ഷ്യവുമായി തന്നെയാണ് നാട്ടുകാരായ വ്യവസായി ഒ.സി.വക്കച്ചനെയും, വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ.ബാബുവിനെയും സമീപിച്ചത്. വക്കച്ചനും ബാബുവും ചേർന്ന് ആലപ്പി ഫിലിംസ് എന്ന നിർമ്മാണ കമ്പനി രൂപീകരിച്ച് ഛോട്ടാ വിപിന്റെ സിനിമാ സ്വപ്നത്തിന് ചിറക് നൽകി. നിർമ്മാതാക്കളെ കിട്ടിയതോടെ കഥ വിപുലീകരിച്ചിരുന്നു. കാക്കത്തുരുത്ത് സ്വദേശി കിരണും, അമ്പലപ്പുഴ സ്വദേശി വർഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉയരം കുറഞ്ഞവരെയും നമുക്കൊപ്പം ചേർത്തു നിർത്താനുള്ള മനോഭാവമാണ് ആവശ്യം. അത്തരം വിശാലമായ കാഴ്ച്ചപ്പാടിലാണ് സിനിമയുടെ ഭാഗമായതും

-ഒ.സി.വക്കച്ചൻ, നിർമ്മാതാവ്

ഉയരം കുറഞ്ഞവരുടെ പ്രശ്നങ്ങൾ പലപ്പോഴും മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിൽ തീരെ ചെറുതാണ്. ഉയരം കുറഞ്ഞവർ ജീവിക്കുന്ന 'കൊച്ചുദേശ'ത്തിന്റെ കഥയാണ് ഇന്ന് മുതൽ സംസ്ഥാനത്തെ 60 തിയേറ്ററുകളിലെത്തുന്നത്

-ഛോട്ടാ വിപിൻ, സംവിധായകൻ

Advertisement
Advertisement