വസ്തു തരംമാറ്റം അതിവേഗം: മേയ്, ജൂണിൽ തീർപ്പായത് 15,000 അപേക്ഷകൾ

Thursday 23 June 2022 12:23 AM IST

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തുതരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ യജ്ഞത്തിൽ മേയ്, ജൂൺ മാസങ്ങളിലായി 15,000 ത്തോളം അപേക്ഷകൾക്കുകൂടി പരിഹാരമായി. 71,048 കടലാസ് അപേക്ഷകളാണ് ഇനി തീർപ്പാകാനുള്ളത്. നവംബറിൽ എല്ലാം തീർപ്പാക്കാനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.

എന്നാൽ, ഏഴ് ആർ.ഡി.ഒ ഓഫീസുകളിലെ കടലാസ് അപേക്ഷകൾ ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. തലശ്ശേരി, കാസർകോട്,മാനന്തവാടി, ഇടുക്കി, ദേവികുളം, തിരുവല്ല, അടൂർ ആർ.ഡി.ഒ ഓഫീസുകളാണ് ഈ ഗണത്തിലുള്ളത്. ശേഷിക്കുന്ന 20 ആർ.ഡി.ഒ ഓഫീസുകളിലെ അപേക്ഷകൾ നവംബറിനുള്ളിൽ തീർപ്പാക്കും. വസ്തു തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് മന്ത്രി കെ.രാജൻ ഇടപെട്ട് പ്രത്യേക തീർപ്പാക്കൽ നടപടികൾ തുടങ്ങിയത്.

മേയ് 26 ന് റവന്യു മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനുശേഷം ജൂൺ 16 വരെ 10,751 അപേക്ഷകളാണ് തീർപ്പാക്കിയത്. 2022 ജനുവരി മുതൽ ഇതുവരെ 1251 ഓൺലൈൻ അപേക്ഷകളും തീർപ്പാക്കി. വസ്തു തരംമാറ്റത്തിന് സർക്കാർ 2018 ൽ അനുമതി നൽകിയെങ്കിലും 2021 ഫെബ്രുവരിയിൽ 25 സെന്റ് വരെ തരംമാറ്റം സൗജന്യമാക്കിയതോടെയാണ് അപേക്ഷകളുടെ കുത്തൊഴുക്കായത്. കുറെ അപേക്ഷകൾ തീർപ്പാക്കിയെങ്കിലും ഒരു ഘട്ടത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 1,30,000 ത്തിലധികമായി. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ പ്രത്യേക തീർപ്പാക്കൽ നടപടികൾക്കായി 31.61 കോടി രൂപ അനുവദിച്ചു. കൂടാതെ 972 താത്കാലിക ജീവനക്കാരെയും നിയമിച്ചു. 300 ലധികം വാടക വാഹനങ്ങളും ലഭ്യമാക്കി. തരംമാറ്റം അനുവദിച്ചശേഷം ലഭിച്ച കുറെ അപേക്ഷകൾ ആർ.ഡി.ഒ ഓഫീസുകളിൽ നമ്പറിടാതെ തന്നെ വിവരശേഖരണത്തിന് വില്ലേജ് ഓഫീസുകളിലേക്ക് അയച്ചിരുന്നു. ഇവ തിരികെ എത്തിയതോടെ ആകെ കിട്ടിയ അപേക്ഷകളുടെ എണ്ണം പിന്നെയും കൂടി. 2018 മുതൽ രണ്ടു ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായാണ് കണക്ക്.

 വെല്ലുവിളി ഓൺലൈൻ അപേക്ഷ

ജനുവരിയിൽ തരംമാറ്റ അപേക്ഷകൾ ഓൺലൈൻ ആക്കിയശേഷം 88,705 അപേക്ഷകളാണ് കിട്ടിയത്. ഇതിൽ 1251 എണ്ണം മാത്രമാണ് തീർപ്പായത്. നവംബറിനുശേഷമേ ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കൽ വേഗത്തിലാവൂ.

Advertisement
Advertisement