ഭാര്യയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രകാശ് പ്രാണൻ കൊണ്ട് പകരംവീട്ടി
തിരുവനന്തപുരം: ബഹ്റൈനിൽ ഡാൻസ് സ്കൂളിലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഭാര്യയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രകാശ് പ്രാണൻ കൊണ്ട് പകരംവീട്ടിയെന്ന സംശയം ബലപ്പെടുന്നു. ഡാൻസ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ശിവകലയെ നാട്ടിലെത്തിക്കാനുള്ള പ്രകാശിന്റെ ശ്രമം പരാജയപ്പെട്ടതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം.
സ്കൂളിൽ നിന്ന് പുറത്താക്കിയ ഭാര്യയ്ക്ക് പകരം ജോലി തരപ്പെടുത്തി നൽകാമെന്ന് ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിക്കുന്ന ചിലർ വാഗ്ദാനം ചെയ്തതിരുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ അവർ ശിവകലയ്ക്കായി ചെലവഴിച്ചു. ഈ പണം നൽകിയാൽ മാത്രമേ തനിക്ക് നാട്ടിലെത്താൻ കഴിയൂവെന്ന് ശിവകല അറിയിച്ചതോടെ പ്രകാശ് എങ്ങനെയും ഭാര്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായി. ഇതിനായി അഭിഭാഷകന്റെ സഹായത്തോടെ എംബസിയിലേക്കും പൊലീസിനും പരാതി തയ്യാറാക്കുകയും ചെയ്തു.
എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. പരാതി നൽകാനായി ചൊവ്വാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതായി അഭിഭാഷകനെ അറിയിച്ചെങ്കിലും രാത്രി ഇരുവരുടെയും മരണവാർത്തയാണ് അറിഞ്ഞത്.