അഭ്യൂഹങ്ങൾ തള്ളി ക്രെംലിൻ: പുട്ടിൻ ഹോക്കി കളിക്കുകയാണ് !

Thursday 23 June 2022 5:31 AM IST

മോസ്കോ : കഴിഞ്ഞ കുറേ മാസങ്ങളായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുട്ടിന് കാൻസറാണെന്നാണ് പൊതുവേയുള്ള സംസാരം. ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തരം വാർത്തകളോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ പുട്ടിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ ചിരിച്ചുതള്ളിയിരിക്കുകയാണ് പുട്ടിന്റെ വക്താവായ ഡിമിട്രി പെസ്കോവ്. കഴിഞ്ഞ ദിവസം കൂടി പുട്ടിൻ ഹോക്കി കളിക്കുന്നത് താൻ കണ്ടെന്നാണ് പെസ്കോവ് പരിഹാസത്തോടെ പറഞ്ഞത്.

അദ്ദേഹത്തിന്റെ പ്രകടനം നിങ്ങൾ കാണണമെന്നാണ് താൻ നിർദ്ദേശിക്കുന്നതെന്നും പെസ്കോവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുട്ടിൻ ഹോക്കി പ്രിയനാണെന്ന് പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഹോക്കിയിൽ പങ്കെടുക്കുന്ന പുട്ടിന്റെ ദൃശ്യങ്ങൾ പലപ്പോഴും റഷ്യ പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ മാസം നടന്ന ഒരു പ്രധാന മത്സരം വീക്ഷിക്കാൻ പുട്ടിനെത്താതിരുന്നതും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വാർത്തയും കൂട്ടിവായിച്ചതോടെ പുട്ടിന്റെ ആരോഗ്യം ഗുരുതരമാണെന്ന സംശയം വ്യാപിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിയ്ക്കിടെ എഴുന്നേറ്റ് നിൽക്കാൻ പ്രയാസമുള്ളത് പോലെ തോന്നിച്ച പുട്ടിന്റെ കൈകൾ വിറയ്ക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് മുന്നേ പുറത്തുവന്ന പുട്ടിന്റെ ഫോട്ടോകളിലും ചില അസ്വഭാവികതകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇതെല്ലാം പാശ്ചാത്യരാജ്യങ്ങളുടെ സൃഷ്ടി മാത്രമാണെന്നാണ് റഷ്യയുടെ വാദം.

Advertisement
Advertisement