രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, അറുപത് ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലും; കേന്ദ്ര ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

Thursday 23 June 2022 6:48 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പ്രതിവാര കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളും.

രാജ്യത്ത് ഇന്നലെ 12,​249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. പ്രധാന നഗരങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുംബയിൽ ഇന്നലെ 1648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ 676 പേർക്കും, ചെന്നൈയിൽ 345 പേർക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡൽഹി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നിവടങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഡൽഹിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 928 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 3886 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.