ഒറ്റക്കാലിൽ പത്ത് സെക്കന്റ് നേരം നിൽക്കാനാകുമോ? ഇല്ലെങ്കിൽ നിങ്ങൾ അപകടത്തിലാണ്, മരണം തൊട്ടടുത്തുണ്ട്, കാരണമിതാണ്

Thursday 23 June 2022 1:10 PM IST

മദ്ധ്യവയസാകുമ്പോഴേക്കും ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്നവർ ഏറെയാണ്. ഒരു കാലിൽ 10 സെക്കന്റെങ്കിലും നിൽക്കാൻ സാധിക്കാത്ത മദ്ധ്യവയസ്‌കർ പത്ത് വർഷത്തിനുള്ളിൽ മരിക്കാനുള്ള സാദ്ധ്യതയേറെയാണെന്ന പഠനവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ജേണൽ ഒഫ് സ്‌പോർട്‌സ് മെഡിസിൻ.

ലളിതമായ ബാലൻസിംഗ് ടെസ്റ്റിൽ ബുദ്ധിമുട്ടുന്ന ആളുകൾ അടുത്ത 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാദ്ധ്യത 84% കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2019 ൽ ആരംഭിച്ച, ബ്രസീലിലെ 50 വയസിന് മുകളിൽ പ്രായമായ 1,702 പേരുടെ ശാരീരികക്ഷമതയും ആരോഗ്യവും സംബന്ധിച്ച ഒരു പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്.

ടെസ്റ്റിൽ പങ്കെടുത്തവരോട് ഒരു കാൽ ഉയർത്തി നിലത്ത് തൊടാതെ മറ്റെ കാലിന്റെ പിന്നിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. അവരുടെ കൈകൾ വശങ്ങളിൽ വച്ചുകൊണ്ട് മുന്നോട്ട് നോക്കാനും പറഞ്ഞു. മൂന്ന് ശ്രമങ്ങളാണ് അനുവദിച്ചത്. ടെസ്റ്റിൽ അഞ്ചിൽ ഒരാൾ പരാജയപ്പെട്ടു.

പരാജയപ്പെട്ടവരിൽ ഏറെയും പ്രായമായവരോ മോശം ആരോഗ്യമുള്ളവരോ ആയിരുന്നു. പത്ത് സെക്കൻഡുള്ള ടെസ്റ്റിലൂടെ അപകടസാദ്ധ്യതയുള്ളവരെ തിരിച്ചറിയാനും അവരെ സഹായിക്കാനും സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.