രാസ, കീടനാശിനി പ്രയോഗം: അപ്പർ കുട്ടനാട്ടിലും കാൻസർ പടരുന്നു.

Friday 24 June 2022 12:00 AM IST

കോട്ടയം. അശാസ്ത്രീയമായ രാസവള, കീടനാശിനി പ്രയോഗം ജില്ലയിലെ അപ്പർകുട്ടനാട്ടിലും കാൻസർ പടർത്തുന്നു.

നെൽകൃഷി വ്യാപകമായുള്ള ടി.വി പുരം, വെച്ചൂർ, തലയാഴം, ആർപ്പുക്കര, തിരുവാർപ്പ് ,അയ്മനം പ്രദേശങ്ങളിൽ ആറുകളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവരിലാണ് വിവിധ ചർമരോഗങ്ങൾക്കു പുറമേ കാൻസറും വ്യാപകമായത്.

പൊട്ടാഷ്, ഫാക്ടം ഫോസ്, രാസവളങ്ങൾക്കൊപ്പം സമീപകാലത്ത് നെല്ലിന് പുതുതായി നാനോ യൂറിയയും ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ ഘടന പരിശോധിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തോടെ വേണം വളവും കീടനാശിനിയും പ്രയോഗിക്കാനെന്നാണ് നിർദ്ദേശം. എന്നാൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ പാടശേഖരങ്ങളിൽ പോലും പരിശോധനയ്ക്ക് എത്താൻ കഴിയാറില്ല. നിർദ്ദേശം തേടി കർഷകർ കൃഷി ഓഫീസുകളിലും പോകാറില്ല. നൂറ് ലിറ്റർ വെള്ളത്തിൽ രണ്ട് തുള്ളി നാനോ യൂറിയയാണ് ഒഴിക്കേണ്ടത്. കർഷകരോ കർഷക തൊഴിലാളികളോ ഇത് ശ്രദ്ധിക്കാറില്ല . വയലുകളിലേക്ക് വെള്ളം ചുമന്നു കൊണ്ടു പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കൃത്യമായ അളവിൽ വെള്ളം ചേർക്കാതെ നാനോ യൂറിയ അളവ് കൂട്ടുന്നു. ഇത് വയലുകളിൽ നിന്ന് സമീപത്തെ തോടുകളിലും ആറുകളിലും ഒഴുകിയെത്തുന്നു. രാസവളത്തിന്റെ അശാസ്ത്രീയ ഉപയോഗത്തിന്റെ തിക്തഫലമാണ് ആറ്റ് തീരങ്ങളിൽ താമസിക്കുന്നവരിൽ കാൻസർ കൂടുതൽ കണ്ടെത്താൻ കാരണം.

കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലുമെത്തുന്ന തീരദേശവാസികളിൽ കൂടുതലായി കാൻസർ കണ്ടെത്തിയതോടെയാണ് രാസവളത്തിന്റെ അമിത പ്രയോഗത്തെക്കുറിച്ച് സംശയം ബലപ്പെട്ടത്.

ഗവേഷകനായ ഡോ.കെ.ജി പത്മകുമാർ പറയുന്നു

രാസവളത്തിന്റെയും കീടനാശിനിയുടെയും അമിത ഉപയോഗം കുട്ടനാട്ടിൽ വ്യാപകമായി കാൻസറിന് കാരണമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അപ്പർ കുട്ടനാടൻ മേഖലകളിലും അമിതമായ രാസവളപ്രയോഗം ഉണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമീപവർഷങ്ങളിൽ വെള്ളം കടൽ എടുക്കുന്നില്ല. കായലിലും ഒഴുക്കില്ല. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് പുറം തള്ളുന്ന രാസവള, കീടനാശിനി അംശം വെള്ളത്തിൽ പെട്ടെന്ന് ലയിക്കും. ആറിന്റെയും തോടിന്റെയും സമീപത്തു താമസിക്കുന്നവർ ഒഴുകാതെ കെട്ടി കിടക്കുന്നതി രാസാംശം കലർന്ന വെള്ളം കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് കാരണം.

Advertisement
Advertisement