ശ്രീലങ്കയിൽ പെട്രോൾ പമ്പിന് മുന്നിൽ വരി നിന്ന 63കാരന് ദാരുണ അന്ത്യം, ഇന്ധനത്തിനായി കാത്തുനിന്നത് അഞ്ച് ദിവസം, സമാന രീതിയിൽ രാജ്യത്ത് നടക്കുന്ന പത്താമത്തെ മരണം

Thursday 23 June 2022 8:39 PM IST

കൊളംബോ: ശ്രീലങ്കയിൽ പെട്രോൾ അടിക്കാൻ കാത്തുനിൽക്കുന്നതിനിടെ 63കാരനായ ട്രക്ക് ഡ്രൈവർ മരണമടഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ അംഗുരുവോട്ടോട്ടയിലെ ഒരു പെട്രോൾ പമ്പിന് പുറത്ത് തന്റെ ട്രക്കുമായി പെട്രോളിന് വേണ്ടി കാത്തുകിടക്കുകയായിരുന്നു. ഇന്ന് രാവിലെ പൊലീസുദ്യോഗസ്ഥർ വന്ന് നോക്കിയപ്പോൾ വാഹനത്തിനുള്ളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷം സമാന രീതിയിൽ നടക്കുന്ന പത്താമത്തെ മരണമാണ് ഇന്നത്തേത്. ഭൂരിപക്ഷം മരണങ്ങളും ഹൃയാഘാതം മൂലമായിരുന്നു. 43നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. കഴിഞ്ഞയാഴ്ചയാണ് 53കാരനായ മദ്ധ്യവയസ്കൻ തന്റെ ഓട്ടോറിക്ഷയിൽ പെട്രോൾ അടിക്കുന്നതിന് കാത്തു നിൽക്കുന്നതിനിടെ മരണമടഞ്ഞത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം നിലവിൽ കടന്നുപോകുന്നത്. ഡോളറിന് കനത്ത ക്ഷാമം നേരിടുന്നത് മൂലം പെട്രോൾ, ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യം സാധനങ്ങൾ വാങ്ങാൻ ശ്രീലങ്കൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. പെട്രോൾ ക്ഷാമം നേരിടുന്നതിന് വേണ്ടി കഴിഞ്ഞയാഴ്ച മുതൽ സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുഭരണത്തിൻ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അടുത്ത മൂന്ന് മാസത്തേക്ക് സ‌ർക്കാർ എല്ലാ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement