ആലിശ്ശേരിയിൽ 'കാന്താരി വിപ്ലവ"ത്തിന് ഇന്ന് തുടക്കം

Thursday 23 June 2022 9:30 PM IST

ആലപ്പുഴ:'എല്ലാവരും കൃഷിയിലേക്ക്' എന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് ആലപ്പുഴ നഗരസഭയിലെ ആലിശ്ശേരി വാർഡിൽ വീട്ടിലൊരു തോട്ടം പദ്ധതി യാഥാർത്ഥ്യമാകുന്നു. വാർഡിലെ 571 വീടുകളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണ ഉപാധികളായ എയ്റോബിക് യൂണിറ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോബിൻ എന്നിവയിൽ ഏതെങ്കിലും ഒരു സൗകര്യം ഉറപ്പാക്കി. പ്ലാസ്റ്റിക്ക് മാലിന്യം ഹരിതകർമ്മസേന വഴി യൂസർഫീ നൽകി സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുന്നുമുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന വളം ഉപയോഗിച്ച് എല്ലാ വീടുകളിലും കൃഷിയെന്നതാണ് വീട്ടിലൊരു തോട്ടം പദ്ധതി ലക്ഷ്യമിടുന്നത്. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ പൂർണ സഹകരണത്തോടെയാണ് കൃഷി വ്യാപകമാക്കുന്നത്. ചട്ടിക്കകത്ത് പാകി മുളപ്പിച്ച ഒരു മാസം പാകമായ കാന്താരി തൈകൾ ഇന്ന് മുതൽ എല്ലാ വീടുകൾക്കും സൗജന്യമായി നൽകും. ആലിശ്ശേരി വാർഡ് പ്രതിനിധിയും നഗരസഭാ വൈസ് ചെയർമാനുമായ പി.എസ്.എം.ഹുസൈൻ ആവിഷ്ക്കരിച്ച പദ്ധതി ഇന്ന് വൈകിട്ട് 3ന് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വീടുകളിലും തൈകളെത്തും. വിളവ് പാകമാകുന്നതോടെ ശേഖരിക്കുന്ന ഉത്തരവാദിത്തം കുടുംബശ്രീക്കാണ്. അതത് ദിവസത്തെ വിപണി വില നൽകിയാവും കാന്താരി മുളക് ശേഖരിക്കുക. കാന്താരിക്ക് പുറമേ മറ്റ് തൈകളും, വിത്തുകളും കൂടി വിതരണം ചെയ്യും. വിളവെടുപ്പിന് പാകമാകുന്നതോടെ ആലിശ്ശേരിയിൽ നിന്ന് ഒരു മൂല്യവർദ്ധിത ഉത്പന്നം എന്ന ലക്ഷ്യം സഫലമാകും.

പദ്ധതിയുടെ ആകെ ചെലവ്: 65000 രൂപ

കൃഷി നടത്തുന്നത് : 571 വീടുകളിൽ

വില (ഒരു കിലോയ്ക്ക്)

പച്ച കാന്താരി - 250 രൂപ

പഴുത്ത കാന്താരി - 150 രൂപ

നേട്ടം

 വളപ്രയോഗവും അധിക പരിചരണവും വേണ്ട

 എവിടെയും കൃഷി ചെയ്യാം

സാദ്ധ്യതകൾ

കാന്താരി വിത്തുകൾ ശേഖരിച്ച് കൃഷി വ്യാപകമാക്കാം. അരയേക്കറിൽ 1000 ചെടികൾ വരെ നടാനാകും. വിലയിൽ കാര്യമായ ഇടിവുണ്ടായില്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ വിളവെടുപ്പ് വഴി മികച്ച വരുമാനം നേടാം.

മാലിന്യ സംസ്കരണവും വളമാക്കലും യാഥാർത്ഥ്യമായിത്തുടങ്ങി. ഈ വളം പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുകയാണ് അടുത്ത ഘട്ടം. വിപണിവില നൽകിയാവും കാന്താരി വിളവ് ശേഖരിക്കുക, എല്ലാ വീട്ടുകാർക്കും ചെറുതെങ്കിലും ഒരു വരുമാനം ഉറപ്പിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

- പി.എസ്.എം.ഹുസൈൻ, ആലിശ്ശേരി വാർഡ് കൗൺസിലർ

Advertisement
Advertisement