കൊവിഡാനന്തര ലോകത്ത് ബ്രിക്സ് രാജ്യങ്ങളുടെ പങ്ക് പ്രധാനം: മോദി

Friday 24 June 2022 12:09 AM IST

ന്യൂഡൽഹി : ആഗോള സമ്പദ്‌വ്യവസ്ഥയോട് ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക ) രാജ്യങ്ങളുടെ സമീപനം സമാനമാണെന്നും അതുകൊണ്ട് പരസ്പര സഹകരണത്തിലൂടെ ബ്രിക്‌സ് രാജ്യങ്ങൾക്ക് കൊവിഡാനന്തര ആഗോള വീണ്ടെടുക്കലിന് ഉപയോഗപ്രദമായ സംഭാവന നൽകാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമ്പദ്‌വ്യവസ്ഥയിൽ കൊവിഡിന്റെ ആഘാതം മുമ്പത്തേക്കാൾ കുറവാണ്. എന്നാൽ, അതിന്റെ ഫലങ്ങൾ ഇപ്പോഴും തുടരുന്നതായും മോദി ഓർമ്മിപ്പിച്ചു.

ഇന്നലെ നടന്ന 14-ാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ ആതിഥേയത്വത്തിൽ വെർച്വലായി ചേരുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഇന്നലെ ഉച്ചകോടിയിൽ പങ്കെടുത്തു.

'ബ്രിക്സ് രാജ്യങ്ങളുടെ സഹകരണം പൗരന്മാർക്ക് ഗുണകരമാകുന്ന നിരവധി മേഖലകളുണ്ട്. ബ്രിക്സ് യുവജന ഉച്ചകോടികൾ, ബ്രിക്സ് കായിക വിനോദങ്ങൾ, സിവിൽ സൊസൈ​റ്റി സംഘടനകൾ തുടങ്ങിയവയിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധം നാം ശക്തിപ്പെടുത്തി.കൊവിഡിന്റെ പല ദൂഷ്യഫലങ്ങളും ഇപ്പോഴും ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രകടമാണ്." മോദി പറഞ്ഞു. അതേ സമയം, യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട് സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ മോദി പരാമർശിച്ചില്ല.

കൊവിഡ് മഹാമാരിക്ക് ശേഷം സമീപനങ്ങളിൽ വരുത്തിയ മാറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിൽ നിന്ന് വ്യക്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം 7.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അത് ഇന്ത്യയെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കുന്നുവെന്നും ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

ഐ.ടി മേഖലയിലെ 4.4 ദശലക്ഷം പ്രൊഫഷണലുകളിൽ ഏകദേശം 36ശതമാനവും സ്‌ത്രീകളാണ്. ഗ്രാമങ്ങളിലും ഈ മാറ്റം കാണാം. ബ്രിക്സ് വിമൻ ബിസിനസ് അലയൻസിന് ഇന്ത്യയിലെ മാറ്റങ്ങൾ പഠന വിഷയമാക്കാവുന്നതാണ്. ബ്രിക്‌സ് ബിസിനസ് ഫോറം മുൻകൈയെടുത്തത് സ്റ്റാർട്ടപ്പുകൾക്കായി ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കാവുന്നതാണെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Advertisement
Advertisement