വിവാദങ്ങൾക്കിടെ സി.പി.എം നേതൃയോഗങ്ങൾ ഇന്ന് മുതൽ

Friday 24 June 2022 12:47 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദവുമുണ്ടാക്കിയ രാഷ്ട്രീയ വെല്ലുവിളികൾക്കിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് എ.കെ.ജി സെന്ററിലാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക.

കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് മുഖ്യ അജൻഡ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിലയിരുത്തലും സംസ്ഥാനകമ്മിറ്റിയിലുണ്ടാകും. തൃക്കാക്കരയിൽ പാർട്ടിയുടെ കണക്കുകൾ പിഴച്ചതിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. തൃക്കാക്കര ഫലത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിട്ടുമില്ല.

ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ വി. കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും അവിടെ പാർട്ടിയിലുള്ള അസ്വാരസ്യങ്ങളുമാണ് സി.പി.എമ്മിന് തലവേദനയായത്. ജില്ലാ കമ്മിറ്റിയുടെ അച്ചടക്കനടപടികൾക്ക് ശേഷമുള്ള സ്ഥിതിഗതികളും സംസ്ഥാനകമ്മിറ്റി പരിശോധിച്ചേക്കും.