ലഹരിവസ്തുക്കൾ കത്തിച്ചുകളയും, 3 മാസം പിടിച്ചത് 62 കിലോ കഞ്ചാവ്

Friday 24 June 2022 12:07 AM IST

തൃശൂർ: തൃശൂർ സിറ്റി പൊലീസിനു കീഴിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത കഞ്ചാവും മയക്കുമരുന്നുകളും നശിപ്പിക്കും. അതേസമയം, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വ്യാപനം കൂടുകയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അഞ്ച് സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്തത് 62.229 കിലോഗ്രാം കഞ്ചാവാണ്.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയാണ് മയക്കുമരുന്നുകൾ നശിപ്പിക്കുന്നതിന് അംഗീകാരം നൽകിയത്. ഇതിന് മുന്നോടിയായി, പിടിച്ചെടുത്ത മയക്കുമരുന്നുകൾ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തി രാസപരിശോധന ഫലം ഉറപ്പുവരുത്തിയിരുന്നു. പുതുക്കാട് ചിറ്റിശ്ശേരി ക്ലേ കമ്പനിയുടെ ഫർണസിൽ ഇന്ന് കത്തിച്ചു കളയാനാണ് നിർദ്ദേശം. സിറ്റി പൊലീസ് മൂന്നാം തവണയാണ് ലഹരിവസ്തുക്കൾ കത്തിച്ചുകളയുന്നത്.

വാഹനങ്ങൾ ലേലം ചെയ്യും

കേസുകളിൽ പെട്ടതും കോടതിയുടെ പരിഗണനയിൽ ഇല്ലാത്തതുമായ വാഹനങ്ങൾ ഉടൻ ലേലം ചെയ്ത് നീക്കാനും നിർദ്ദേശമുണ്ട്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഉടമകൾ കൊണ്ടുപോകാത്ത വാഹനങ്ങളും ലേലം ചെയ്യും.

മണൽ കടത്തുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ സ്റ്റേഷനുകളിലും പരിസരങ്ങളിലുമുണ്ട്. ഇത് ഗതാഗതത്തിനും മറ്റും തടസമാകുന്നതിനാൽ ലേലം ചെയ്ത് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ടവരുടെ വാഹനങ്ങളുടെ കാര്യത്തിലാണ് പ്രതിസന്ധിയുള്ളത്.

വർഷങ്ങൾ കഴിഞ്ഞിട്ടും, ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ കോടികൾ വിലമതിക്കുന്ന ഹമ്മർ കാർ സ്റ്റേഷനിലാണ്. ജുവല്ലറി തട്ടിപ്പിൽ പെട്ടവരുടെ കോടികൾ വിലമതിക്കുന്ന മൂന്ന് കാറുകൾ ഈസ്റ്റ് സ്റ്റേഷനിലുണ്ട്.

പിടിയിലായത് 25 പ്രതികൾ

മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 25 പ്രതികളെയാണ് മൂന്ന് മാസത്തിനുള്ളിൽ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയത് കുന്നംകുളം സ്റ്റേഷനിലാണ്.

  • മാർച്ച്,ഏപ്രിൽ, മേയ് മാസങ്ങളിൽ പിടിച്ചെടുത്ത കഞ്ചാവ്: 62.229 കി.ഗ്രാം. കഞ്ചാവ്
  • ഹാഷിഷ് ഓയിൽ: 1865 ഗ്രാം
  • അതിമാരക സിന്തറ്റിക് ഇനത്തിൽ പെട്ട എം.ഡി.എം.എ: 13.18 ഗ്രാം
  • കേസെടുത്ത സ്റ്റേഷനുകൾ: തൃശൂർ ടൗൺ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ
  • കേസുകൾ: 9

Advertisement
Advertisement