നികുതി വർദ്ധനയ്ക്കൊപ്പം സേവനവും മെച്ചപ്പെടണം

Friday 24 June 2022 12:00 AM IST

സർക്കാർ ചെലവുകൾ ഏറുന്നതിനനുസരിച്ച് ജനങ്ങളുടെ മേൽ നികുതിഭാരം കൂടും. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ നിരക്കുകൾ ഉയർത്താൻ പോവുകയാണ്. കെട്ടിടനികുതികളിലും ലൈസൻസ് ഫീസിലും സിനിമാ ടിക്കറ്റിലുമൊക്കെ ഇതു പ്രതിഫലിക്കും. മറ്റു വകുപ്പുകളിലുമുണ്ടാകും സേവനങ്ങളിൽ ഫീസ് വർദ്ധന. പൊലീസിൽ നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും നിരക്ക് കുത്തനെ ഉയർത്തിക്കൊണ്ടുള്ള തീരുമാനം വന്നുകഴിഞ്ഞു. മൈക്ക് ലൈസൻസ് മുതൽ എസ്‌കോർട്ട് വരെയുള്ള എല്ലാറ്റിനും ചെലവേറും.

ജനസമ്മതി കൂട്ടാനുള്ള തന്ത്രമെന്ന നിലയിൽ മുൻപൊക്കെ തദ്ദേശസ്ഥാപനങ്ങൾ ഫീസുകളിൽ കുറച്ചിരുന്നു. വരുമാനം കുറഞ്ഞ വിഭാഗങ്ങളെ കെട്ടിടനികുതിയിൽ നിന്നൊഴിവാക്കിയതും മറ്റും ക്ഷേമപരിപാടിയുടെ ഭാഗമായാണ്. ധനസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ മുന്നോട്ടുപോകാനാവില്ലെന്ന സ്ഥിതിയാണിപ്പോൾ. ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ റവന്യൂ വരവ് മെച്ചപ്പെടുത്താനുള്ള ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചിട്ടുണ്ട്.

അൻപതു ചതുരശ്ര മീറ്റർ വരെ തറ വിസ്തീർണമുള്ള ചെറിയവീടുകളെ കെട്ടിടനികുതിയിൽ നിന്നൊഴിവാക്കിയിരുന്നു. ഇനിമുതൽ അത്തരം കെട്ടിടങ്ങൾക്കും നികുതി നൽകേണ്ടിവരും. 60 ചതുരശ്ര മീറ്റർ വരെ വിസ്‌തൃതിയുള്ള വീടുകൾക്കു ഇപ്പോൾ നൽകേണ്ടിവരുന്ന നികുതിയുടെ പകുതി ഈ വിഭാഗം വീടുകൾക്ക് ചുമത്താനാണ് ഉദ്ദേശിക്കുന്നത്. മൂവായിരം ചതുരശ്ര അടിയിലധികം വരുന്ന വലിയ വീടുകൾക്ക് പതിനഞ്ചു ശതമാനം അധികം ഈടാക്കാനും ഉദ്ദേശിക്കുന്നു.

നികുതി നിരക്കുകളിൽ കാലാനുസൃത മാറ്റം വരുത്തുന്നത് സാധാരണ നടപടിക്രമം മാത്രമാണെങ്കിലും ആനുപാതിക സേവനങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്കു ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങളിൽനിന്ന് നികുതിപിരിക്കാൻ കാണിക്കുന്ന ഉത്സാഹം നിർമ്മാണലൈസൻസും മറ്റും അനുവദിക്കുന്ന കാര്യത്തിൽ കാണാറേയില്ല. അനുമതിക്കായി അപേക്ഷകൻ നിരന്തരം കയറിയിറങ്ങേണ്ടി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ടു നടമാടുന്ന അഴിമതിയും കുപ്രസിദ്ധമാണ്.

നികുതിയായി പിരിക്കുന്ന പണം കണക്കിൽ വരവുവയ്ക്കാത്ത സംഭവങ്ങൾ പതിവായിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടു ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഉയർന്ന നികുതി അടിച്ചേല്പിക്കുന്നതിനൊപ്പം സേവന നിലവാരം ഉയർത്താൻ കൂടി നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. റോഡുകൾ, വഴിവിളക്കുകൾ, കുടിവെള്ള വിതരണം, പ്രാഥമിക ചികിത്സാസൗകര്യങ്ങൾ, ബാലവാടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.

പ്രധാനപാതകളിൽ ഫ്ളക്സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുപോലും എവിടെയും അവ കാണാം. സിഗ്നൽ ലൈറ്റുകൾ പോലും മറച്ചുകൊണ്ടാണ് ജംഗ്ഷനുകളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്. നികുതികൾ വിവേചനരഹിതമായി വർദ്ധിപ്പിക്കുന്നതല്ല മികച്ച ഭരണത്തിന്റെ ലക്ഷണം. ഡൽഹിയിലും പഞ്ചാബിലും ആം ആദ്‌മി പാർട്ടി സർക്കാരുകൾ നികുതികൾ കുറച്ചും ചിലതൊക്കെ റദ്ദാക്കിയുമാണ് നല്ലഭരണം കാഴ്ചവയ്ക്കുന്നത്. കുടിവെള്ളത്തിന് അവിടെ കരം നൽകേണ്ടിവരുന്നില്ല. മുന്നൂറു യൂണിറ്റ് വരെ വൈദ്യുതിയും വനിതകൾക്ക് സർക്കാർ ബസുകളിൽ യാത്രയും സൗജന്യമാണ്. ഇത്തരം പരിഷ്കാരങ്ങൾ ഇവിടെ നമുക്ക് സ്വപ്നം കാണാനേ കഴിയൂ. നികുതിഭാരത്തെക്കുറിച്ച് പ്രസംഗിക്കവേ തന്നെ മറുവശത്ത് അവ കൂട്ടാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കുന്നത്.

Advertisement
Advertisement