ഗൃഹാതുര ഓർമ്മകളുണർത്തി 'ഒരേ തൂവൽപ്പക്ഷി' സംഗമം

Friday 24 June 2022 12:11 AM IST

തിരുവനന്തപുരം: രാഷ്ട്രീയ എതിർ ചേരികളിൽ നിന്ന് ഘോര ഘോരം പോരാടിയവർ. പല്ലും നഖവും കൊണ്ട് പരസ്പരം കടിച്ചു കീറിയവർ. അപ്പോഴും സൗഹൃദങ്ങൾക്ക് വില കൽപ്പിച്ചവർ.വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ പലരുടെയും കണ്ണുകൾ സന്തോഷാശ്രുക്കൾ പൊഴിച്ചു.'ഒരേ തൂവൽപ്പക്ഷികളായ' അവർ ഓർമ്മകളും, വിശേഷങ്ങളും പങ്കുവച്ചു.

നിയമസഭാ മന്ദിരത്തിൽ നടന്ന മുൻ സാമാജികരുടെ ഒത്തുചേരലിൽ ചിലരെല്ലാം കുടുംബാംഗങ്ങളുമായെത്തി. ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബടക്കം, കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ചിലരുടെ കുടുംബാംഗങ്ങളും സംഗമത്തിനെത്തി. നിയമസഭാ മന്ദിരത്തിലെ കെ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഫോർമർ എം.എൽ.എ ഫോറം സംഘടിപ്പിച്ചതായിരുന്നു സമ്മേളനം.

നിയമസഭയിൽ ഒരുകാലത്ത് വിരുദ്ധചേരികളിലിരുന്ന് വീറോടെ പൊരുതുകയും വാദിക്കുകയും ചെയ്തവർ ഇപ്പോൾ ഒരുമിച്ചിരുന്ന് ഓർമ്മകൾ പങ്കുവയ്ക്കുന്നത് മികച്ച അനുഭവമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. എം.എൽ.എമാർ കാലാവധി തീരുമ്പോൾ മുൻ എം.എൽ.എമാരാകുമെങ്കിലും, ഒരിക്കലും മാറ്റം സംഭവിക്കാത്ത പദവിയാണ് മുൻ എം.എൽ.എയുടേതും മുൻ എം.പിയുടേതുമെന്നും സ്പീക്കർ പറഞ്ഞു. നാളിതുവരെയായി 1750 നിയമങ്ങൾ നിർമ്മിച്ച കേരള നിയമസഭ അതിനായി 3396 ദിവസം സമ്മേളിച്ചെന്ന്, അദ്ധ്യക്ഷതവഹിച്ച ഫോറം ചെയർമാൻ കൂടിയായ മുൻ സ്പീക്കർ എം. വിജയകുമാർ പറഞ്ഞു. നിയമസഭ ചർച്ച ചെയ്ത് സെലക്ട് കമ്മിറ്റികൾക്ക് വിടുന്ന ബില്ലുകൾ മുൻ സാമാജികർക്ക് ചർച്ചയ്ക്കായി അവസരമുണ്ടാക്കണമെന്നും, പ്രീ ബഡ്ജറ്റ് ചർച്ചകളിൽ മുൻ സാമാജികർക്ക് പ്രത്യേക അവസരമൊരുക്കണമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.

വിമോചനസമരം കത്തിക്കാളിയ 57ലെ ആദ്യ നിയമസഭാകാലത്ത് ഒരിക്കൽപ്പോലും നിയമസഭാ നടപടികൾ സ്തംഭിച്ചിട്ടില്ലെന്ന് മുൻ സ്വിപീക്കർ വി.എം. സുധീരൻ ഓർമ്മിപ്പിച്ചു. 67 മുതലാണ് സഭാ സ്തംഭനം തുടങ്ങുന്നത്. ഇപ്പോഴത്തെ നിയമസഭയിൽ അതിന്റെ തീവ്രതയ്ക്കൊരു മാറ്റമുണ്ടായത് ശുഭോദർക്കമാണെന്നും അദ്ദേഹം പറഞ്ഞു.ഫോറം സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് വേണ്ടി മുൻ എം.എൽ.എ കെ.എ. ചന്ദ്രനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാറും സ്‌പീക്കറിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. വി.എം. സുധീരൻ, എൻ. ശക്തൻ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി, ഭാർഗവി തങ്കപ്പൻ, പാലോട് രവി, ജോസ് ബേബി, പി.എം. മാത്യു, എ.എൻ. രാജൻബാബു, ജോണി നെല്ലൂർ, ആർ. ഉണ്ണിക്കൃഷ്ണപിള്ള, കെ.ആർ. ചന്ദ്രമോഹൻ തുടങ്ങിയവരെ ആദരിച്ചു. ജോസ് തെറ്റയിലിന്റെ 'പ്രകൃതി: ഭാവങ്ങളും പ്രതിഭാസങ്ങളും" എന്ന പുസ്തകം വി.എം. സുധീരന് കൈമാറി സ്‌പീക്കർ പ്രകാശനം ചെയ്തു.

Advertisement
Advertisement