വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്കാരം പി.കെ. രാജേഷ്ബാബുവിന്

Friday 24 June 2022 12:00 AM IST
പി.കെ.രാജേഷ് ബാബു

ഗുരുവായൂർ: വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം കേരള കൗമുദി ഗുരുവായൂർ ലേഖകൻ പി.കെ.രാജേഷ് ബാബുവിന്. ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച്ച വൈകീട്ട് 3.30ന് കെ.ദാമോദരൻ സ്മാരക ഹാളിൽ (നഗരസഭ ലൈബ്രറി ഹാൾ) നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.മുരളീധരൻ എം.പി പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ആർ.രവികുമാറും സെക്രട്ടറി പി.വി.ഗോപാലകൃഷ്ണനും അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റായിരുന്ന അന്തരിച്ച പാലിയത്ത് ചിന്നപ്പന്റെ പേരിലുള്ള പൊതു പ്രവർത്തകർക്കുള്ള അവാർഡ് അഡ്വ.രവി ചങ്കത്തിനും ട്രസ്റ്റ് അംഗവും മികച്ച സഹകാരിയുമായിരുന്ന എ.പി മുഹമ്മദുണ്ണിയുടെ പേരിലുള്ള അവാർഡിന് പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലനും സമ്മാനിക്കും. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം മലപ്പുറം ഏരിയാ കമ്മറ്റി അംഗമായി തെരഞ്ഞെടുത്ത ട്രസ്റ്റ് അംഗം ആർ.ജയകുമാറിനേയും പഴയ ഗുരുവായൂർ നഗരസഭ പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ അനുമോദിക്കും. മാദ്ധ്യമ പ്രവർത്തകൻ എം.പി.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.