സർക്കാരിനെ വീഴ്‌ത്തുന്ന എം.എൽ.എമാരെ വിലക്കണമെന്ന് ഹർജി
Friday 24 June 2022 12:13 AM IST
ന്യൂഡൽഹി: ഒരു സർക്കാരിന്റെ രാജിയിലേക്ക് നയിക്കുന്ന വിധത്തിൽ രാജി വയ്ക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുന്ന ഭരണകക്ഷി എം.എൽ.എമാരെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കാൻ അടിയന്തര നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ ജയ ഠാക്കൂറിന്റേതാണ് ഹർജി. ഇതേ വിഷയത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ ജയ നൽകിയ ഹർജിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടിയുണ്ടായിട്ടില്ല. ഹർജിയിൽ തീരുമാനമുണ്ടാകാത്ത സാഹചര്യം മുതലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ തുടർച്ചയായി താഴെയിറക്കുകയാണെന്നും ഹർജിയിൽ പറയുന്നു.