കഴക്കൂട്ടത്ത് 125 കിലോ കഞ്ചാവ് പിടികൂടി; പിടിയിലായവരിൽ കൊലക്കേസ് പ്രതിയും

Friday 24 June 2022 12:00 AM IST

കുളത്തൂർ: കാറിൽ കടത്തുകയായിരുന്ന 125 കിലോയോളം കഞ്ചാവ് കഴക്കൂട്ടത്ത് വച്ച് പൊലീസ് പിടികൂടി. സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിലായി. തൈക്കാട് രാജാജി നഗർ ഫ്ളാറ്റ് നമ്പർ 1 എയിൽ സുഭാഷ് (34), മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലേപുത്തൻ വീട്ടിൽ സജീവ് (25), വെടിവച്ചാൻ കോവിൽ പള്ളിച്ചൽ പ്രീതാ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (33) എന്നിവരാണ് പിടിയിലായത്. കരമന കിള്ളിപ്പാലത്തെ ഫ്ളാറ്റിൽ കയറി കൊലപാതകം നടത്തിയ കേസിലെ നാലാം പ്രതിയാണ് സജീവ്. കഞ്ചാവ് കടത്തിന് ഉണ്ണിക്കൃഷ്ണനെതിരേ ആന്ധ്രയിലും കേസുണ്ട്. അന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി വരുന്നവഴിയാണ് സംഘത്തെ പൊലീസിന്റെ സിറ്റി ഷാഡോ ടീം പിടികൂടിയത്. രണ്ടു കാറുകളും കസ്റ്രഡിയിലെടുത്തു. ആന്ധ്രാ രജിസ്‌ട്രേഷൻ നമ്പറിലുള്ള നാല് വ്യാജ നമ്പർ പ്ലേറ്റുകളും കാറിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കാറിന്റെ ഡിക്കിയിലാണ് രണ്ടു കിലോ വീതമുള്ള പാക്കറ്റുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്‌. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ബ്ലോക്ക് ചെയ്താണ് പ്രതികളെ പിടികൂടിയത്. നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തമിഴ്നാട്ടിലെ മധുര മുതൽ ഇവരെ ഷാഡോ സംഘം പിന്തുടരുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.