സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നുമുതൽ; സ്വർണക്കടത്തും തൃക്കാക്കര തോൽവിയുമടക്കം ചർച്ചയാകും

Friday 24 June 2022 8:46 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നുമുതൽ വരുന്ന മൂന്ന് ദിവസങ്ങളിലായി ചേരും. കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ടിംഗാണ് മുഖ്യ അജണ്ട. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയവും സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനുള‌ള മാ‌ർഗങ്ങളും പയ്യന്നൂരെ പാ‌ർട്ടിഫണ്ട് തട്ടിപ്പിലെ പ്രശ്‌നങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന.

ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണമറിയാൻ പാർട്ടി അന്വേഷണമുണ്ടാകുമോ എന്നതും സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കും പയ്യന്നൂരിലെ പാർട്ടിഫണ്ട് തട്ടിച്ച കേസിൽ പരാതി നൽകിയ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്‌ണനെതിരെ നടപടിയെടുത്ത സംഭവത്തിൽ തുടർന്നുള‌ള നടപടികളും ചർച്ചയാകുമെന്നാണ് വിവരം.

ഫണ്ട് തിരിമറിയിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ തരംതാഴ്‌ത്തൽ നടപടിയാണുണ്ടായത്. ഇത് പോരെന്നും ശക്തമായ നടപടി വേണമെന്നുമാണ് വി.കുഞ്ഞികൃഷ്‌ണൻ പാർട്ടി നേതാക്കളുമായി നടത്തിയ അനുരഞ്ജന ചർച്ചയിൽ ആവശ്യപ്പെട്ടത്. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള‌ള തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും വി.കുഞ്ഞികൃഷ്‌ണൻ പാർട്ടിയെ അറിയിച്ചിരുന്നു. ജൂൺ 27ന് നിയമസഭ ചേരാനിരിക്കെ ഈ വിഷയങ്ങളെല്ലാം പ്രതിപക്ഷം സഭയിലുന്നയിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കും എന്നുള‌ളതിനാലാണ് ഇതിന് പ്രതിരോധം തീർക്കാൻ പാർട്ടി വരുംദിവസങ്ങളിൽ ആലോചന നടത്തുക.