ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ് തന്നെ, നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

Friday 24 June 2022 11:36 AM IST

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ എഹ്‌സാന്‍ ജാഫ്രിയാണ് ഹർജി നൽകിയത്. കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജിക്ക് മെരിറ്റ് ഇല്ലെന്നും പ്രത്യേക അന്വേഷണ സംഘം 2012-ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹര്‍ജി തള്ളുകയും ചെയ്ത മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കിയത്.

കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചില്ലെന്ന് ആരോപിച്ച സാകിയ അതിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടണമെന്നും സാകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കപിൽ സിബലാണ് സാകിയയ്ക്കുവേണ്ടി ഹാജരായത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന അക്രമത്തിനിടെയാണ് എഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടത്.

Advertisement
Advertisement