നടൻ വി പി ഖാലിദ് അന്തരിച്ചു; മരണം ഷൂട്ടിംഗിനിടെ
Friday 24 June 2022 12:01 PM IST
കൊച്ചി: നടൻ വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഇദ്ദേഹം മറിമായം എന്ന പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.
സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് നാടക, സീരിയൽ, ചലച്ചിത്ര രംഗത്ത് സജീവമാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഇപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ്.