ലോകത്തിലെ ഏറ്റവും ദൈർഘ്യമുളള കപ്പൽ യാത്രയ്‌ക്ക് കൂടുന്നോ?, മറ്റെങ്ങുമല്ല ഇന്ത്യയിൽ തന്നെയാണ് ഈ ആഡംബര നൗക
ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ നദി യാത്രയ്‌ക്ക് ഒരുങ്ങുകയാണ് അന്താര ഗംഗാ വിലാസ് എന്ന കപ്പൽ. അന്താര ലക്ഷുറി റിവർ ക്രൂയിസസ് കമ്പനി അവരുടെ യാത്ര ആരംഭിക്കുക ഈ വർഷം ഡിസംബറോടെയാണ്. അഞ്ച് സംസ്ഥാനങ്ങളും 27 ചെറുനദികളും രണ്ട് രാജ്യങ്ങളും കടന്നാകും കപ്പലിന്റെ സഞ്ചാരം.
51 ദിവസങ്ങൾ കൊണ്ട് ഇത്രയും സ്ഥലങ്ങളിലൂടെ മൂവായിരം മൈലാണ് കപ്പൽ കടന്നുപോകുക. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്ര ഇതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗംഗാ നദിയിലൂടെയും ബ്രഹ്‌മപുത്രയിലൂടെയും കപ്പൽ കടന്നുപോകും. ഉത്തർപ്രദേശിലെ കാശിയിൽ നിന്നും തുടങ്ങി അസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാകും കപ്പലിന്റെ യാത്ര.
വിനോദസഞ്ചാരികൾക്ക് ദക്ഷിണേഷ്യൻ സംസ്‌കാരം പഠിക്കാനും വിശ്രമിക്കാനും അവസരം ലഭിക്കും. ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ഓപ്‌ഷനുമുണ്ട്. ഒപ്പം പ്രകൃതി സ്‌നേഹികൾ, സാംസ്‌കാരിക സ്‌നേഹികൾ, ചരിത്ര സ്‌നേഹികൾ മുതലായവർക്കെല്ലാം യാത്ര ഇഷ്‌ടപ്പെടും. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ,ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ പൈതൃക സ്ഥലങ്ങളെ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.യുനെസ്‌കോ അംഗീകരിച്ച സുന്ദർബനിലൂടെയും ബംഗ്ളാദേശിലും കപ്പൽ പ്രവേശിക്കും. ബംഗ്ളാദേശിലെയും ചരിത്രസ്ഥലങ്ങൾ സന്ദർശിക്കും. ഇരു രാജ്യങ്ങൾക്കിടയിലും തടസമില്ലാതെ യാത്ര ചെയ്യാൻ സർക്കാരുകൾ സഹകരണവും സഹായവും നൽകുന്നുണ്ടെന്ന് കമ്പനി ചെയർമാൻ രാജ് സിംഗ് അറിയിച്ചു.