നൂറുമേനിയുടെ മധുരം പങ്കുവയ്ക്കാൻ മന്ത്രിയും

Saturday 25 June 2022 12:12 AM IST

അമ്പലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനുമോദനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എത്തി. അമ്പലപ്പുഴ കെ .കെ. കുഞ്ചുപിള്ള സ്മാരക ഗവ.എച്ച്.എസ്.എസ്, കാക്കാഴം ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദർശനം.

കാക്കാഴം സ്കൂളിൽ 109ഉം കുഞ്ചുപിള്ള സ്കൂളിൽ 109 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതി വിജയിച്ചത്. തുടർച്ചയായ പത്താം വർഷമാണ് കുഞ്ചു പിള്ള സ്കൂൾ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കാക്കാഴം സ്കൂൾ ആദ്യമാണ് നൂറുമേനി കൊയ്തത്. വിദ്യാർത്ഥികൾക്കും വിജയത്തിന് ചുക്കാൻ പിടിച്ച അദ്ധ്യാപകർക്കും പി.ടി.എ പ്രതിനിധികൾക്കും മന്ത്രി മധുരം നൽകി. എച്ച്. സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കവിത, എസ്.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ രതീഷ്, ആർ.ജയരാജ്, പഞ്ചായത്തംഗങ്ങളായ മനോജ് കുമാർ, ലേഖാമോൾ സനിൽ, പ്രിൻസിപ്പൽമാരായ വി.ബിനൂജ, അരുൺ ജി.കൃഷ്ണൻ, പി.ടി.എ പ്രസിഡന്റുമാരായ ഉമേഷ്, എ.നസീർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement