ആലപ്പുഴ ദന്തൽ കോളേജിൽ (ഡെക്ക്) 'പല്ലു കടിച്ച് "ജീവനക്കാർ, ദുരിതം പേറി രോഗികൾ

Saturday 25 June 2022 12:16 AM IST

അമ്പലപ്പുഴ : ജീവനക്കാർ തമ്മിലുള്ള പോരിനെ തുടർന്ന് വണ്ടാനത്തെ ഗവ.ദന്തൽ കോളേജിന്റെ പ്രവർത്തനം താളംതെറ്റുന്നു. കോളേജിലെ സ്ഥിരം ജീവനക്കാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി നിയമിച്ച ജീവനക്കാരും തമ്മിലാണ് സ്വരച്ചേർച്ചയില്ലാതായിരിക്കുന്നത്.

ഒ.പി വിഭാഗത്തിന്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയെന്നത് മാറ്റി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാക്കിയതായി വ്യാഴാഴ്ച രാവിലെ ഒ.പി കൗണ്ടറിനു സമീപം പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് പോര് കടുപ്പിച്ചത്. പോസ്റ്ററിനെതിരെ രോഗികളുടെ പ്രതിഷേധം ഉയർന്നപ്പോൾ, തങ്ങൾക്ക് ഇതേപ്പറ്റി അറിയില്ലെന്ന് ദന്തൽ കോളേജ് അധികൃതർ വ്യക്തമാക്കി. എച്ച്.ഡി.സി നിയമിച്ച ഒരു ജീവനക്കാരിയാണ് ഇതു പതിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വികസനസമിതി നിയമിച്ച ചില ജീവനക്കാർ ദന്തൽ കോളേജ് അധികൃതരെ അനുസരിക്കുന്നില്ലെന്ന ആരോപണം നേരത്തേ തന്നെ ഉയർന്നിരുന്നു. എച്ച്.ഡി.സി ജീവനക്കാർക്ക് വേതനം നൽകുന്നത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായതിനാൽ ഇവരുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ദന്തൽ കോളേജ് അധികൃതർക്ക് സാധിക്കുന്നുമില്ല.

ബി.പി.എൽ രോഗികൾക്ക് സൗജന്യമായാണ് ഇവിടെ ചികിത്സ നൽകുന്നത്. എ.പി.എൽ കാർഡുകാരിൽ നിന്ന് നാമമാത്രമായ തുക ഈടാക്കുന്നുണ്ട്. ഈ വരുമാനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിക്കാണ് ലഭിക്കുന്നത്.

വലയുന്നത് രോഗികൾ

നിർദ്ധനരായ രോഗികൾക്ക് വളരെ പ്രതീക്ഷ നൽകി 2014ലാണ് കേരളത്തിലെ നാലാമത്തെ സർക്കാർ ദന്തൽ കോളേജ് വണ്ടാനത്ത് പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ മാത്രമാണ് അതുവരെ സർക്കാർ ദന്തൽ കോളേജുകൾ ഉണ്ടായിരുന്നത്. വേണ്ടത്ര ജീവനക്കാരുടേയും ഡോക്ടർമാരുടേയും അഭാവമായിരുന്നു ആലപ്പുഴ ദന്തൽ കോളേജിന്റെ തുടക്കത്തിലെ പ്രശ്നം. പിന്നീട് രോഗികളോടുള്ള ചില ജീവനക്കാരുടെ പെരുമാറ്റം പ്രതിഷേധം വിളിച്ചുവരുത്തി. കളക്ടർ ഇടപെട്ട് ദന്തൽ കോളേജിന് മാത്രമായി എച്ച്.ഡി.സി രൂപീകരിച്ചാൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് രോഗികളും ദന്തൽ കോളേജ് അധികൃതരും പറയുന്നത്.

ഒ.പി സമയം മാറ്റിയതായുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ട വ്യാഴാഴ്ച ഐ.എം.ജി മീറ്റിംഗിനായി കൊച്ചിയിലായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സർജന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. സുഖമില്ലാത്തതിനാൽ സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല. അവധിയിലാണ്

- ഡോ.ഗിൽസ കെ.വാസുണ്ണി, പ്രിൻസിപ്പൽ

ഒ.പി സമയം മാറ്റിയതായുള്ള പോസ്റ്റർ രോഗികളെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. പോസ്റ്റർ കണ്ടിരുന്നു.സർജന്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ലീവ് കഴിഞ്ഞ് പ്രിൻസിപ്പൽ എത്തിയാൽ നടപടി ഉണ്ടാകും

-കെ.കെ.സുനിൽ കുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

Advertisement
Advertisement