ദിനംപ്രതി കൂടിവരുന്നുവെന്ന് പ്രദേശവാസികൾ തലശ്ശേരി -മാഹി ബൈപാസിൽ രണ്ടിടത്ത് വിള്ളൽ

Friday 24 June 2022 11:24 PM IST
തലശ്ശേരി -മാഹി ബൈപാസിൽ പാലയാട് രൂപപ്പെട്ട വിള്ളൽ

തലശ്ശേരി: പ്രവൃത്തിയുടെ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന തലശ്ശേരി -മാഹി ബൈപാസിൽ രണ്ടിടത്ത് വിള്ളൽ കണ്ടെത്തി. തലശ്ശേരി പാലയാടും മാഹി പള്ളൂരിലുമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. പാലയാട് മൂന്നുമാസം മുമ്പ് ടാർ ചെയ്ത റോഡിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിള്ളൽ പ്രത്യക്ഷപ്പെട്ടത് .മാഹി പളളൂർ റോഡിനു സമാന്തരമായി നിർമ്മിച്ച റോഡും സമാനമായ രീതിയിൽ വിണ്ടുകീറിയിട്ടുണ്ട്.

പാലയാടിൽ ഇപ്പോൾ ഏതാണ്ട് 20 മീറ്ററോളം നീളത്തിൽ ടാറിംഗ് പിളർന്നിട്ടുണ്ട് . കഴിഞ്ഞ വർഷം ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ അതിവർഷത്തിൽ കൊളശ്ശേരി ഭാഗത്ത് ബൈപാസിൽ നൂറുമീറ്റർ നീളത്തിൽ വിള്ളലുണ്ടായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ കരാർ കമ്പനി തൊഴിലാളികൾ മെറ്റൽ പൊടിയും സിമന്റ് മിശ്രിതവും ഉപയോഗിച്ച് അടക്കുകയായിരുന്നു അന്ന് .ഇ കെ.കെ.കൺസ്ട്രക്ഷൻ കമ്പനിയാണ് ബൈപാസിന്റെ പ്രധാന കരാറുകാർ

മാഹി പളളൂർ റോഡിനു സമാന്തരമായി നിർമ്മിച്ച റോഡിൽ പാലം പണി പൂർത്തിയായപ്പോൾ അരിക് കെട്ടാതെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നിർമ്മാണത്തിലെ അപാകത കൊണ്ട് പാലത്തിൽ കാഴ്ച മറയുന്നതായി മുൻപേ പരാതി ഉണ്ടായിരുന്നു. ഇവിടെ മഴവെള്ളം ഒലിച്ചുപോകാതെ കെട്ടി നിൽക്കുന്നതുമൂലം വാഹനങ്ങൾ ഗതി മാറി അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പള്ളൂരിൽ രൂപപ്പെട്ട വിള്ളലിനപ്പുറം വലിയ കുഴിയാണ്.



മണ്ണിന്റെ ബെയറിംഗ് കപ്പാസിറ്റിക്ക് അനുസൃതമായി മിശ്രിതങ്ങൾ ചേർത്ത് ദൃഢപ്പെടുത്തണം. ഇവിടേക്ക് ഏതെങ്കിലും തരത്തിൽ വെള്ളം കുത്തിയൊലിച്ച് വരുന്നതും കെട്ടി നിൽക്കുന്നതും തടയപ്പെടണം. ഇക്കാര്യത്തിൽ ഉത്തരവാദിത്വം കൺസൾട്ടൻസിക്കാണ്.

ശ്രീകുമാർ ഭാനു, (എൻജിനീയർ)

പ്രദേശത്തിന്റെ ഭൂമി ശാസ്ത്രം പഠിക്കാതെയും മേൽപ്പാലങ്ങളുടെ ഉയരമടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ലാതെയുമാണ് ബൈപാസ് റോഡും പാലങ്ങളും നിർമ്മിച്ചതാണ്. ഇതാണ് ബൈപാസിന്റെ നിർമ്മാണ വേളയിൽ തന്നെ പൂർത്തിയായ ഒരു പാലം പൊളിച്ചുമാറ്റാനും മറ്റൊന്ന് പുഴയിൽ കൂപ്പ് കുത്താനും ഇടയാക്കിയത്. റോഡ് നിരപ്പാക്കാൻ കുന്നുകൾ ഇടിച്ചപ്പോഴും, താഴ്ന്ന സ്ഥലങ്ങൾ മണ്ണിട്ട് നികത്തിയപ്പോഴും പ്രദേശത്തിന്റെപ്രത്യേകതകൾ മനസ്സിലാക്കി മുൻകരുതൽ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ല

ദാസൻ കാണി,ജനശബ്ദം മാഹി

അറുപതു ശതമാനം പൂർത്തിയായി

ആറുമാസത്തിനകം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന തരത്തിലാണ് മാഹി-തലശ്ശേരി ബൈപാസിന്റെ നിർമ്മാണം മുന്നോട്ടുപോകുന്നത്. ബൈപാസിെന്റ പ്രവൃത്തി 60 ശതമാനം പൂർത്തിയായി. ബൈപാസ് റോഡ് ടാറിംഗ് 60 ശതമാനത്തോളം കഴിഞ്ഞു. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണ് നിർമ്മിക്കുന്നത്. ബൈപാസിന് ഇരുവശത്തും സർവിസ് റോഡുകളുടെ ടാറിംഗും നടക്കുന്നുണ്ട്. അഞ്ചര മുതൽ ഏഴു മീറ്റർ വരെ വീതിയിലാണ് ടാറിംഗ്. 21 അടിപ്പാതകളാണ് ബൈപാസിനുള്ളത്. ഇവ 90 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. മൂന്നെണ്ണം കൂടിയാണ് പൂർത്തിയാകാനുള്ളത്.

റി ഇൻഫോഴ്സ്ഡ് വാൾ (ആർ.ഇ വാൾ) ഉപയോഗിച്ചാണ് അരിക് കെട്ടുന്നത്. ഉയർന്നതും ദുർബലവുമായ പ്രദേശങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഭിത്തി നിർമാണം. ഏറെദൂരം വയലിലൂടെയും ചതുപ്പു നിറഞ്ഞതും താഴ്ന്നതുമായ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

Advertisement
Advertisement