കൊല്ലത്ത് പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി; മൂന്ന് ലോറികളിലായി എത്തിച്ചത് പൂപ്പൽ ബാധിച്ച മീൻ

Saturday 25 June 2022 7:56 AM IST

കൊല്ലം: പതിനായിരം കിലോ ചീഞ്ഞ മത്സ്യം ആര്യങ്കാവിൽ നിന്ന് പിടികൂടി. തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

മൂന്ന് ലോറികളിലായാണ് പൂപ്പൽ ബാധിച്ച മീൻ എത്തിച്ചത്. 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ പഴകിയ മീൻ എത്തിക്കാൻ സാദ്ധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്.

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു മീൻ കൊണ്ടുവന്നത്. കേരളത്തിൽ ആലംകോട്, കരുനാഗപള്ളി, അടൂർ എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് കൈമാറാനാണ് മീൻ എത്തിച്ചതെന്നാണ് ലോറി ഡ്രൈവർമാർ മൊഴി നൽകിയതെന്നാണ് വിവരം.