ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ കേസ്: കണ്ടക്ടറുടെ തടവുശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി

Sunday 26 June 2022 2:02 PM IST

കൊച്ചി: ബസിൽ കയറുന്നതിനിടെ സ്കൂൾ വിദ്യാർത്ഥിനിക്ക് വീണു ഗുരുതരമായി പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതി കണ്ടക്‌ടർ ഏറ്റുമാനൂർ സ്വദേശി അബ്ദുൾ അൻസാറിന് വിചാരണക്കോടതി വിധിച്ച നാലു വർഷം കഠിന തടവും 5,000 രൂപ പിഴയും ഹൈക്കോടതി ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാക്കി പരിഷ്കരിച്ചു. മൂന്നാം പ്രതിയായ ബസ് ക്ളീനർ പേരൂർ സ്വദേശി ബെന്നിയുടെ നാലു വർഷത്തെ കഠിനതടവ് ശിക്ഷ റദ്ദാക്കി ഇയാളെ വെറുതേ വിട്ടു. കോട്ടയം അഡി. സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഇരുവരും നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പി.ജി. അജിത് കുമാറിന്റെ വിധി.

2005 ആഗസ്റ്റ് 18ന് രാവിലെ ഒമ്പതിന് കാരിത്താസ് ജംഗ്ഷനിലായിരുന്നു അപകടം. തെള്ളകം കൈതക്കുളങ്ങര സ്വദേശി ജോസഫിന്റെ മകൾ ജോസിയ മരിയ കോട്ടയത്തേക്കുള്ള സ്വകാര്യ ബസിൽ കയറാൻ തുടങ്ങിയപ്പോൾ കണ്ടക്ടർ അൻസാർ ബെല്ലടിച്ചു. വിദ്യാർത്ഥിനി കയറുന്നതറിയാതെ ഡ്രൈവർ ബസെടുത്തു. ഇതിനിടെ ബസിനടിയിലേക്ക് വീണ ജോസിയയുടെ ശരീരത്തിലൂടെ പിൻടയർ കയറി.

അൻസാറിനും ബെന്നിക്കുമെതിരെ നരഹത്യാശ്രമമടക്കമുള്ള കുറ്റങ്ങൾ ശരിവച്ചാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ ബസ് ഡ്രൈവർ ഡാനിയലിനെ വെറുതേ വിട്ടിരുന്നു. തങ്ങൾക്കെതിരെ മാരകമായി മുറിവേല്പിക്കൽ എന്ന കുറ്റമാണ് പരമാവധി ചുമത്താനാവുകയെന്നും നരഹത്യാശ്രമമെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതികൾ വാദിച്ചു. ഓടുന്ന ബസിൽ നിന്ന് താഴെ വീഴുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുമെന്ന് വിവേകമുള്ള ആർക്കും അറിയാമെന്നും യാത്രക്കാർ മുഴുവൻ കയറുന്നതിനു മുമ്പ് ബെല്ലടിച്ച കണ്ടക്ടറുടെ നടപടിയിൽ നരഹത്യാശ്രമം എന്ന കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2005ൽ നടന്ന സംഭവമാണെന്നും 17 വർഷം പിന്നിട്ടതിനാൽ ശിക്ഷ ഒഴിവാക്കണമെന്നും അൻസാറിന്റെ അഭിഭാഷകൻ വാദിച്ചു. ഇയാളുടെ പ്രായമുൾപ്പെടെ പരിഗണിച്ചാണ് കോടതി ശിക്ഷ പരിഷ്കരിച്ചത്. ബെന്നി ബസിൽ ക്ളീനറായി ഉണ്ടായിരുന്നതിന് വ്യക്തമായ തെളിവില്ലെന്നു വിലയിരുത്തി ഇയാളെ വെറുതേ വിടുകയായിരുന്നു.

Advertisement
Advertisement