അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പി​ച്ച യുവാവ് പിടിയിൽ

Monday 27 June 2022 12:02 AM IST

കൊല്ലം: മദ്യപിച്ച് സഹോദരിയുടെ വീട്ടിലെത്തി​ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അയൽവാസിയും ബന്ധുവുമായ യുവാവിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. പരവൂർ പൊഴിക്കര എള്ളുവിള വീട്ടിൽ രാജേന്ദ്രപ്രസാദ് (മഞ്ഞ പ്രസാദ്-38) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 23ന് വൈകിട്ട് പൊഴിക്കര എള്ളുവിള വീട്ടിൽ മണികണ്ഠനെയാണ് ഗവ. ഹെൽത്ത് സെന്ററിന് സമീപമുള്ള കടയിൽ പോകുന്നതിനിടെ ആക്രമിച്ചത്. പിന്നിലൂടെയുള്ള അക്രമത്തിൽ ഇടതുചെവിക്ക് വെട്ടേറ്റ മണികണ്ഠൻ താഴെവീണു. തുടർന്നു ആക്രമിക്കാൻ ശ്രമിച്ചത് മണികണ്ഠന്റെ സഹോദരിയും കൂടെയുണ്ടായിരുന്ന സുഹൃത്തും തടഞ്ഞു. രാജേന്ദ്രപ്രസാദിനെതിരെ മുമ്പും പരവൂർ സ്​റ്റേഷനിൽ കേസുള്ളതാണ്. പരവൂർ ഇൻസ്‌പെക്ടർ എ. നിസാർ, എസ്.ഐമാരായ നിധിൻ നളൻ, നിസാം, വിജയകുമാർ, എ.എസ്‌.ഐ പ്രദീപ്, എസ്.സി.പി.ഒ റിലേഷ് ബാബു, ജയപ്രകാശ് സി.പി.ഒമാരായ ജയേഷ്, ഗീത എന്നിവരാണ് ഇയാളെ പിടികൂടിയത്.

Advertisement
Advertisement