ന്യായീകരണമില്ലാത്ത അക്രമ സംഭവം

Sunday 26 June 2022 12:47 AM IST

ശ്രദ്ധതിരിക്കാനും കൂടുതൽ ശ്രദ്ധപിടിച്ചുപറ്റാനും രാഷ്ട്രീയക്കാർ ചില കോമാളിത്തരങ്ങൾ നടത്താറുണ്ട്. അതൊക്കെ ഒരു പരിധിവരെ നമുക്ക് മനസിലാക്കാനാവും. എന്നാൽ ഏതു വിഷയത്തിന്റെ പേരിലായാലും അക്രമങ്ങളിലൂടെയും അഴിഞ്ഞാട്ടങ്ങളിലൂടെയും സമരം നടത്തുന്നത് ആർക്കും ന്യായീകരിക്കാനാവില്ല. എന്തു കാടത്തം കാണിച്ചാലും കുടപിടിച്ച് നിൽക്കാൻ പൊലീസ് ഉണ്ടാകുമെന്ന ചിന്തയിൽ നിന്നുതന്നെയാണ് കല്പറ്റയിലെ അക്രമസംഭവം നടന്നതെന്ന് കരുതാം.

പരിസ്ഥിതിലോല പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന അതീവ വിചിത്രവാദം ഉയർത്തിയാണ് എസ്.എഫ്.ഐക്കാർ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചുതകർത്തത്. മുന്നൂറോളം പേർ വരുന്ന സംഘമാണ് മാർച്ച് നടത്തിയെത്തി ഓഫീസ് തകർക്കുകയും രണ്ട് ജീവനക്കാരെ മർദ്ദിക്കുകയും മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിത്തകർത്ത് നിലത്തിടുകയും ചെയ്തത്. എസ്.പി ഓഫീസിന് മുന്നൂറ് മീറ്റർ മാത്രം അകലെയാണ് ഈ സംഭവം നടന്നത്. എന്നിട്ടും പൊലീസിന് അക്രമം തടയാൻ കഴിയാതിരുന്നത് നിർഭാഗ്യകരമാണ്. ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രതിഷേധങ്ങളിലും സംഘർഷങ്ങളുണ്ടായി. എസ്.എഫ്.ഐ അക്രമത്തെ സി.പി.എമ്മും മുഖ്യമന്ത്രിയും അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തെങ്കിലും പ്രതിഷേധങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

സംരക്ഷിത വനപ്രദേശങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും ബഫർസോൺ ഉറപ്പാക്കണമെന്ന സുപ്രീംകോടതി വിധി മലയോര മേഖലയിൽ ആശങ്കയുണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അതു ദൂരീകരിക്കാൻ ആദ്യം നടപടിയെടുക്കേണ്ടതും ഇടപെടേണ്ടതും സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാരിനും ചില നടപടികളെടുക്കാനാകും. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് കോൺഗ്രസ് സർക്കാരല്ല. അപ്പോൾ രാഹുൽഗാന്ധി എങ്ങനെ കുറ്റക്കാരനാകും?

സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകേണ്ടത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരാണ്. സംസ്ഥാനവും കേന്ദ്രവും ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് കാണിച്ച് വയനാട് എം.പി എന്ന നിലയിൽ രാഹുൽഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതുകയും ചെയ്തു. അപ്പോൾ പ്രശ്നത്തിൽ രാഹുൽഗാന്ധി നിശബ്ദത പാലിച്ചതായി എസ്.എഫ്.ഐ ആരോപിച്ചത് വസ്തുതാപരമായി ശരിയല്ല. വിഷയത്തിൽ അത്രയധികം രോഷമുണ്ടെങ്കിൽ എസ്.എഫ്.ഐക്കാർ മാർച്ച് നടത്തേണ്ടത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരുന്നു. ഇതൊന്നുമില്ലാതെ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർക്കാൻ പ്ളാനിട്ടത് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുമെന്നതിലൂടെ ലഭിക്കുന്ന ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയാണെന്ന് ഉൗഹിക്കാം.

വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധി ശ്രദ്ധേയമായ സമരങ്ങൾ നടത്തി വിജയിച്ചിട്ടുള്ള എസ്.എഫ്.ഐ പോലൊരു വിദ്യാർത്ഥി സംഘടന ഒരു കാരണവശാലും കല്പറ്റയിലെ അഴിഞ്ഞാട്ടത്തിന് മുതിരരുതായിരുന്നു. സംഘടനയിൽ പുഴുക്കുത്തുകൾ വീണുതുടങ്ങി എന്നതിന്റെ സൂചനയായി നിഷ്‌പക്ഷമതികൾ ഈ സംഭവത്തെ വിലയിരുത്തിയാൽ അവരെ കുറ്റം പറയാനാകില്ല. എന്തിനും ഏതിനും അക്രമം എന്നത് ഭൂഷണമല്ല. ബുദ്ധിയില്ലാത്തവരാണ് അതിന് തുനിയുന്നത്. അങ്ങനെയുള്ളവർ അന്യംനിന്നു പോകുന്ന കാലമാണ് ഇതെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഓർമ്മിക്കുന്നത് നല്ലതാണ്.

Advertisement
Advertisement