വിഷരക്തം കുടിച്ച് വീർത്ത താലിബാൻ

Sunday 26 June 2022 1:07 AM IST

2001ൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെടലിനെ തുടർന്ന് അധികാരത്തിൽനിന്ന് പുറത്തായതിന് പിന്നാലെ വിദേശ സൈന്യങ്ങൾ നടത്തിയ പഴുതടച്ച ആക്രമണത്തിൽ താലിബാൻ നേതൃത്വം തകർന്നടിഞ്ഞിരുന്നു. സംഘടനാശേഷിയിലും സാമ്പത്തികശേഷിയിലും താലിബാനെ മുഴുവനായി തകർത്തുവെന്നായിരുന്നു അമേരിക്കൻ നാറ്റോശക്തികളുടെ അവകാശവാദം. എന്നാൽ,​ പതുങ്ങിയിരുന്ന താലിബാൻ പത്തുവർഷങ്ങൾക്കുശേഷം വീണ്ടും അഫ്ഗാൻ പിടിച്ചെടുത്തപ്പോൾ,​ ലോകം ചർച്ചചെയ്തത് അവരുടെ സാമ്പത്തികസ്രോതസ്സുകളെക്കുറിച്ചായിരുന്നു.

സർവവും തകർന്നടിഞ്ഞ അവസ്ഥയിൽനിന്ന് തന്ത്രപൂർവ്വം മുന്നേറുകയായിരുന്നു താലിബാൻ. എന്നാൽ, തകർന്നടിഞ്ഞ നേരത്തുപോലും അവർ തിരിച്ചുവരവിനായി കോടികൾ വാരിക്കൂട്ടുകയായിരുന്നു എന്നാണ് രേഖകൾ തെളിയിക്കുന്നത്. താലിബാന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണം വലിയ കണ്ടെത്തലുകളിലേക്കാണ് വഴിതെളിക്കുന്നത്. 2020 സാമ്പത്തികവർഷം താലിബാൻ സമ്പാദിച്ചത് 1.6 ബില്യൺ അമേരിക്കൻ ഡോളറാണ്. അതായത് 1.18 ലക്ഷം കോടി രൂപ. അമേരിക്കൻ സൈന്യം അഫ്ഗാനിൽ തുടരുന്ന കാലത്താണ് ഇത്രയും തുക അവർ ഉണ്ടാക്കിയത്. താലിബാൻ ആത്മീയ നേതാവ് മുല്ലാ ഉമറിന്റെ പുത്രൻ മുല്ലാ യാഖൂബ് നാറ്റോ സമിതിക്കു മുമ്പാകെ നൽകിയ കണക്കാണിത്.

അമേരിക്കയിലെ നെബ്രാസ്‌ക ഒമാ സർവകലാശാലയിലെ സെന്റർ ഒഫ് അഫ്ഗാനിസ്ഥാനിലെ ഇക്കണോമിക് പോളിസി അനലിസ്റ്റ് ഹനീഫ് സുഫിസാദ 'കോൺവർസേഷൻസ്'മാസികയിൽ എഴുതിയ ലേഖനത്തിൽ താലിബാന്റെ വരുമാന സ്രോതസ്സുകളെക്കുറിച്ച് നിർണായകവിവരങ്ങളാണുള്ളത്.

മയക്കുമരുന്ന് വ്യാപാരം

ഏകദേശം 416 മില്യൺ അമേരിക്കൻ ഡോളർ (30,000 കോടി രൂപ) ആണ് മയക്കുമരുന്ന് കച്ചവടത്തിൽനിന്ന് താലിബാൻ ഉണ്ടാക്കുന്നതെന്നാണ് കണക്കുകൾ. കഴിഞ്ഞ കുറേവർഷമായി ആഗോള കറുപ്പ് (മയക്കുമരുന്നായ ഒപ്പിയം) ഉത്പാദനത്തിന്റെ 84 ശതമാനവും അഫ്ഗാനിസ്ഥാനിലാണെന്നാണ് 2020-ലെ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിയമവിരുദ്ധമായ ഈ മയക്കുമരുന്ന് വില്‍പനയുടെ ഭൂരിഭാഗം ലാഭവും പോകുന്നത് താലിബാനാണ്. താലിബാൻ നിയന്ത്രണമുള്ള സ്ഥലങ്ങളിൽ വൻതോതിലാണ് കറുപ്പ് നിർമ്മാണം നടക്കുന്നത്. മയക്കുമരുന്ന് ഉത്‌പാദന ശൃംഖലകളുടെ ഓരോ ലിങ്കിനും പത്തുശതമാനം നികുതി താലിബാൻ ചുമത്തുന്നതായാണ് റിപ്പോർട്ടുകൾ. ഒപ്പിയം നിർമാണത്തിന് ഉപയോഗിക്കുന്ന പോപ്പി ചെടികൾ കൃഷിചെയ്യുന്ന കർഷകർ, അവയെ മാരക മയക്കുമരുന്നായി മാറ്റുന്ന ലാബ് നടത്തിപ്പുകാർ, രാജ്യത്തിനു പുറത്തേക്ക് ഈ മയക്കുമരുന്നെത്തിക്കുന്ന കച്ചവടക്കാർ എന്നിവർ അടങ്ങുന്നതാണ് താലിബാന്റെ ഈ ശൃംഖല.

ഖനനം

ഖനനമാണ് താലിബാന്റെ മറ്റൊരു പ്രധാന വരുമാന മാർഗം. ഇരുമ്പയിർ, മാർബിൾ, ചെമ്പ്, സ്വർണം, സിങ്ക് മറ്റു ലോഹങ്ങൾ, റെയർ എർത്ത് മിനറൽസ് എന്നിവയുടെ ഖനനമാണ് പ്രധാനമായും. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മലനിരകൾ ഇവ ഖനനം ചെയ്യുന്ന മേഖലകൾ കൂടിയാണ്. താലിബാന് വൻ തുക നൽകിയാണ് ചെറുകിട ഖനന കമ്പനികൾ മുതൽ വമ്പൻ ഖനന കമ്പനികൾ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നൽകാതെ ഈ മേഖലകളിൽ ഖനനം നടത്താനും സാദ്ധ്യമല്ല. താലിബാന്റെ സ്‌റ്റോൺസ് ആൻഡ് മൈനിംഗ് കമ്മീഷൻ കണക്കു പ്രകാരം 464 മില്യൺ യു.എസ് ഡോളറാണ് (29,000 കോടി രൂപ) ഇതിൽനിന്നുള്ള വരുമാനം. അതേസമയം, നാറ്റോയുടെ കണക്കിൽ തുക ഇതിലും കൂടുതലാണ്. 464 മില്യൺ യു.എസ് ഡോളറാണ് (34,000 കോടി രൂപ) താലിബാൻ ഖനന ബിസിനസിലൂടെ സ്വരൂപിക്കുന്നത് എന്നാണ് നാറ്റോ കണക്കുകൾ. 2016ൽ ഇത് കേവലം 35 മില്യൺ യു.എസ് ഡോളറായിരുന്നു (260 കോടി രൂപ).

നികുതിക

നികുതികളാണ് താലിബാന്റെ അടുത്ത പ്രധാനവരുമാന മാർഗം. അഫ്ഗാനിസ്ഥാനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ ജനങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും നികുതി ഈടാക്കുന്നുണ്ട്. ഖനന കമ്പനികൾ, മാദ്ധ്യമ സ്ഥാപാനങ്ങൾ, ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, അന്താഷ്ട്ര ധനസഹായത്തോടെയുള്ള വികസന പദ്ധതികൾ എന്നിയൊക്കെ താലിബാന് നികുതി കൊടുക്കുന്നുണ്ട്. താലിബാൻ നിയന്ത്രണത്തിലുള്ള ഹൈവേകൾ ഉപയോഗിക്കുന്നതിന് ഡ്രൈവർമാരിൽനിന്നും കച്ചവടം നടത്തുന്നതിന് വ്യാപാരികളിൽനിന്നും നികുതി പിരിക്കുന്നുണ്ട്. അതോടൊപ്പം, കർഷകരുടെ വിളകളുടെ പത്തു ശതമാനവും, ഒപ്പം സമ്പത്തിന്റെ രണ്ടര ശതമാനം സക്കാത്തായും താലിബാൻ വാങ്ങുന്നുണ്ട്.

 ചാരിറ്റിഫണ്ടുകൾ: ചാരിറ്റിബൾ സംഭാവനയാണ് മറ്റൊരു വരുമാന മാർഗം. ലോകമാകെയുള്ള സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, എന്നിവയിൽനിന്ന് താലിബാൻ രഹസ്യമായി സംഭാവന സ്വീകരിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന താലിബാനോട് അനുഭാവമുള്ള ചാരിറ്റി, മത ഏജൻസികളാണ് താലിബാന് സംഭാവന നൽകുന്നവരിൽ ഏറെയും. പ്രതിവർഷം 150 -200 മില്യൺ യു.എസ് ഡോളർ (1200 മുതൽ1500 വരെ കോടി രൂപ) ഇത്തരത്തിൽ ലഭിക്കുന്നതായാണ് കണക്ക്.

 കയറ്റുമതി: ഉപഭോക്തൃ വസ്തുക്കളുടെ കയറ്റുമതിയിൽനിന്ന് 240 മില്യൺ യു.എസ് ഡോളർ (1783 കോടി രൂപ) താലിബാൻ സമ്പാദിക്കുന്നതായാണ് യു.എൻ സുരക്ഷാ സമിതിയുടെ കണക്ക്. ഓട്ടോമൊബൈൽ പാർട്‌സുകളും പഴയ വാഹനങ്ങളും വിൽക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ നൂർസായി ബ്രദേഴ്‌സ് ലിമിറ്റഡുമായി താലിബാന് അടുത്ത ബന്ധമുണ്ട്.

 റിയൽ എസ്റ്റേറ്റ്: താലിബാൻ നേതാവ് മുല്ലാ യാക്കൂബ് നാറ്റോ സമിതിക്കു നൽകിയ കണക്കു പ്രകാരം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, മറ്റ് ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ താലിബാന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളുണ്ട്. 80 മില്യൺ യു.എസ് ഡോളർ (594 കോടി രൂപ) ആണ് താലിബാൻ റിയൽ എസ്‌റ്റേറ്റിലൂടെ സമ്പാദിക്കുന്നത്.

Advertisement
Advertisement