തേയിലകളിലെ വി.ഐ.പി... കിലോയ്ക്ക് ഒരു ലക്ഷം രൂപ !

Sunday 26 June 2022 4:22 AM IST

ഗുവാഹത്തി : ലോകത്തെവിടെയായാലും പലർക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ചായ. മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി ചായയിൽ പുതുരുചികളുടെ പരീക്ഷണങ്ങൾ ഇന്ന് സുലഭമാണ്. പല നിറത്തിലും മണത്തിലും രുചിയിലുമുള്ള തേയിലകളാണ് ഇതിന് പിന്നിൽ.
അത്തരത്തിൽ രുചിയിലും മണത്തിലും ഗുണത്തിലും മാത്രമല്ല, വിലയിലും എതിരാളികളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 'പഭോജൻ ഗോൾഡ് ടീ" എന്ന അപൂർവ ഇനം അസാമീസ് തേയില. പഭോജൻ ഗോൾഡ് ടീയുടെ ഒരു കിലോഗ്രാം ഒരു ലക്ഷം രൂപയ്ക്കാണ് അടുത്തിടെ വി​റ്റുപോയത് !

തിളങ്ങുന്ന തെളിഞ്ഞ മഞ്ഞ നിറമാണ് ഈ തേയില ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക്. തേയിലത്തോട്ടത്തിൽ നിന്ന് ശേഖരിച്ച ഏ​റ്റവും മികച്ച രണ്ടാമത്തെ കൊളുന്തിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

അസാം ആസ്ഥാനമായുള്ള ഇസാഹ് ടീ എന്ന ബ്രാൻഡാണ്, കൃത്യമായി പറഞ്ഞാൽ 99,999 രൂപയെന്ന വമ്പൻ വിലയ്ക്ക് ഈ തേയില സ്വന്തമാക്കിയത്. ഇത്തവണ ഒരു കിലോ തേയില മാത്രമാണ് പഭോജൻ ഓർഗാനിക് തേയില എസ്​റ്റേ​റ്റിൽ ഉത്പാദിപ്പിച്ചതും. ജോർഹട്ടിലെ ഒരു ലേല കേന്ദ്രത്തിൽ വച്ചായിരുന്നു വില്പന. ഇവിടെ ഈ വർഷം ഒരു തേയിലയ്ക്ക് ലഭിക്കുന്ന ഏ​റ്റവും ഉയർന്ന വിലയാണിത്. അസാമിലെ ഗോലാഘട്ട് ജില്ലയിലാണ് ജൈവ തേയിലയായ പഭോജൻ ഗോൾഡ്.

കഴിഞ്ഞ വർഷം അസാമിലെ ഗുവാഹത്തി ടീ ഓക്ഷൻ സെന്ററിൽ നടന്ന ലേലത്തിൽ മനോഹരി ഗോൾഡ് ടീ എന്ന അപൂർവ ഇനം അസാമീസ് തേയില കിലോയ്ക്ക് 99,999 രൂപയ്ക്ക് വിറ്റുപോയിരുന്നു. അപ്പർ അസാമിലെ ദിബ്രുഗഢ് ജില്ലയിലെ മനോഹരി ടീ എസ്റ്റേറ്റിൽ വർഷത്തിലൊരിക്കലാണ് മനോഹരി ഗോൾഡ് ഉത്പാദിപ്പിക്കുന്നത്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ മനോഹരി ഗോൾഡിന്റെ ചായയ്ക്ക് മഞ്ഞ കലർന്ന നിറവും വിശിഷ്ട സുഗന്ധവുമാണ്.

Advertisement
Advertisement