സർക്കാരിനെതിരെ  പുകമറ  സൃഷ്‌ടിക്കാൻ പ്രതിപക്ഷം  ശ്രമിക്കുന്നു, ജനങ്ങളെ  അണിനിരത്തി  പ്രചരണം  നടത്തും;  എസ് എഫ് ഐയുടെ വയനാട്ടിലെ അക്രമസമരം അപലപനീയമെന്ന് കോടിയേരി

Sunday 26 June 2022 11:42 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പുകമറ സൃഷ്‌ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനായി ഓരോ ദിവസവും ഇവ‌ർ ഓരോ കഥകൾ മെനയുന്നുവെന്ന് കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേന്ദ്ര അന്വേഷണ ഏജൻസിയെ ഇറക്കി സർക്കാരിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രചരണം നടത്തും. പ്രതിപക്ഷത്തിന്റെ പ്രചാരവേല തുറന്നുകാട്ടും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രചരണ ജാഥ സംഘടിപ്പിക്കും. എസ്.എഫ്.ഐയുടെ വയനാട്ടിലെ സംഭവം അപലപനീയം. ഇത്തരത്തിലൊരു സംഭവം നടക്കാൻ പാടില്ലായിരുന്നു. പാർട്ടിതലത്തിൽ അന്വേഷിക്കും. സംഭവത്തിൽ സർക്കാർ നടപടി അഭിനന്ദനാർഹം.

യു.ഡി.എഫിന്റേത് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരെ കോൺഗ്രസ് തള്ളിപ്പറഞ്ഞില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ റിവ്യൂ നടത്തി. തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണ്. ഇത്തവണ ശക്തമായ മത്സരം കാഴ്‌ച വയ്ക്കണമെന്ന് തീരുമാനിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ നല്ല രീതിയിൽ പ്രവർത്തിച്ചു.

എതിർ ചേരിയിൽ നിന്ന് വോട്ട് ആകർഷിക്കാൻ കഴിഞ്ഞില്ല. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള മാർഗം പ്രത്യേകം പരിശോധിക്കും. കേരളത്തിൽ പുതിയ രാഷ്‌ട്രീയ ധ്രുവീകരണമാണ്. ഇടതുപക്ഷ വിരുദ്ധ മുന്നണിക്കാണ് പ്രതിപക്ഷ നീക്കം. ഇടത് വിരുദ്ധരുടെ മഹാ സഖ്യത്തിനുള്ള നീക്കം നടക്കുകയാണ്. അതിന്റെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത്.

സ്വാധീനം കൂട്ടാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. ആരാധനാലയങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് നീക്കം. ഇതേ രീതിയിൽ ചില മുസ്ലീം സംഘടനകളും പ്രചരണം നടത്തുന്നു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രചരണം എൽ.ഡി.എഫ് ഏറ്റെടുക്കും'- കോടിയേരി പറഞ്ഞു.